ഇന്ത്യയിൽ ആദ്യമായി ‘അച്ഛനില്ലാത്ത കുട്ടി’
text_fieldsചെന്നൈ: ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ മധുമിത രമേശിന് ഇനി ആശ്വസിക്കാം. മധുമിതയുടെ മകൾ തവിഷി പെരേര ഇന്ത്യയിൽ ആദ്യത്തെ ‘അച്ഛനില്ലാത്ത കുട്ടി ആയേക്കും. തവിഷിയുെട ജനന സർട്ടിഫിക്കറ്റിൽ ഇനി അച്ഛെൻറ പേരെഴുതുന്ന കോളം ഒഴിഞ്ഞു കിടക്കും. എളുപ്പമായിരുന്നില്ല മധുമിതക്ക് ഇൗ ലക്ഷ്യത്തിലേക്കുള്ള യാത്ര. രണ്ടു തവണ ഇതിനായി മധുമിത ഹൈകോടതിയെ കേസുമായി സമീപിച്ചു.
മധുമിത തെൻറ ഭർത്താവ് ചരൺരാജുമായി പരസ്പര സമ്മതപ്രകാരം വിവാഹമോചനം നേടിയ ശേഷം 2017 ഏപ്രിലിൽ കൃത്രിമ ബീജ നിക്ഷേപ ചികിത്സയിലൂടെ ഗർഭം ധരിക്കുകയായിരുന്നു. എന്നാൽ ട്രിച്ചി നഗരസഭ കമീഷണർ ബീജ ദാതാവായ മനീഷ് മദൻപാൽ മീന എന്നയാളുടെ പേര് കുഞ്ഞിെൻറ പിതാവിെൻറ സ്ഥാനത്ത് ചേർത്ത് ജനന സർട്ടിഫിക്കറ്റ് നൽകി. ഇൗ പേര് ഒഴിവാക്കി കിട്ടാൻ അധികൃതെര സമീപിച്ചെങ്കിലും പേര് ഒഴിവാക്കാൻ സാധിക്കില്ലെന്നും അക്ഷര പിശക് ശരിയാക്കാൻ മാത്രമേ നിർവാഹമുള്ളു എന്നും പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.
സർട്ടിഫിക്കറ്റ് തിരുത്താൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മധുമിത ഹൈകോടതിയെ സമീപിച്ചെങ്കിലും ഇൗ വിഷയം ജനന മരണ വിഭാഗം രജിസ്ട്രാറാണ് പരിഹരിക്കേണ്ടതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈകഴുകി. മധുമിത വീണ്ടും കോടതിയെ സമീപിച്ചു. മനീഷ് മദൻപാൽ മീനയുടെ പേര് പിതാവിെൻറ കോളത്തിൽ തെറ്റായി എഴുതി ചേർക്കുകയായിരുന്നെന്ന് മധുമിതയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കൂടാതെ തങ്ങൾ രണ്ടുപേരും കുട്ടിയുടെ പിതാവല്ലെന്നു കാണിച്ച് മദൻപാൽ മീനയും മധുമിതയുടെ ഭർത്താവ് ചരൺരാജും കോടതിയിൽ സത്യവാങ്മൂലം നൽകി. തുടർന്ന് കൃത്രിമ ബീജ നിക്ഷേപ ചികിത്സയിലൂടെയാണ് ഗർഭം ധരിച്ചതെന്ന് വ്യക്തമായതോടെ കോടതി ജനന സർട്ടിഫിക്കറ്റിൽ പിതാവിെൻറ കോളത്തിൽ നിന്ന് മദൻപാൽ മീനയുടെ പേര് ഒഴിവാക്കാനും കോളം ഒഴിച്ചിടാനും അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.