അർബുദ മരുന്നുകൾക്ക് നികുതി ഇളവ്; ഇൻഷുറൻസ് പ്രീമിയം നികുതി കുറക്കും
text_fieldsന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവിലെ 18 ശതമാനത്തിൽനിന്ന് കുറക്കുന്ന കാര്യത്തിൽ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പൊതുധാരണ. അർബുദ മരുന്നുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറക്കാനും തീരുമാനിച്ചു. മിക്സ്ചർ പോലുള്ള ഉപ്പുചേർത്ത പലഹാരങ്ങളുടെ ജി.എസ്.ടി 18ൽനിന്ന് 12 ശതമാനമാക്കും.
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള നികുതി ഇളവ് പഠിക്കാൻ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ മന്ത്രിതല സമിതിക്ക് യോഗം രൂപംനൽകി. സമിതി ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് നൽകും. നവംബറിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൻഷുറൻസ് പ്രീമിയത്തിനുള്ള ജി.എസ്.ടി ഒഴിവാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 8,262.94 കോടി രൂപയാണ് ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനുള്ള ജി.എസ്.ടി ഇനത്തിൽ ലഭിച്ചത്. ആരോഗ്യ റീഇൻഷുറൻസ് പ്രീമിയത്തിൻമേൽ 1,484.36 കോടി രൂപയും ജി.എസ്.ടി വിഹിതമായ നേടി. മൊത്തത്തിലുള്ള പ്രതിമാസ ജി.എസ്.ടി വരവ് ഉയരുന്ന സാഹചര്യത്തിലാണ് നികുതിദായകർക്ക് ആശ്വാസമേകുന്ന നടപടിക്ക് കൗൺസിൽ യോഗം പച്ചക്കൊടി കാട്ടിയത്. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാരും നിർദേശത്തെ പിന്തുണച്ചു.
കാസിനോകൾ, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ നികുതി സംബന്ധിച്ച റിപ്പോർട്ട് കൗൺസിലിൽ അവതരിപ്പിച്ചു. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്കും ആദായ നികുതി ഇളവ് നേടിയ സ്ഥാപനങ്ങൾക്കും ഗവേഷണത്തിനായി നൽകുന്ന ഫണ്ടിനെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കി. കാർ സീറ്റുകളുടെ ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് 28 ശതമാനമായി ഉയർത്താനും തീരുമാനിച്ചു. കേദാർനാഥ് തീർഥാടകർ സീറ്റ് പങ്കിടൽ രീതിയിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾക്കുള്ള ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.