നടൻ സോനുസൂദിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
text_fieldsന്യൂഡൽഹി: ബോളിവുഡ് നടന്‍ സോനു സൂദിന്‍റെ മുംബൈയിലുള്ള വീട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തിന്‍റെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ലക്‌നൗ ആസ്ഥാനമായുള്ള ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുള്ള സോനു സൂദിന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടനുമായി ബന്ധമുള്ള ആറ് സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നടൻ ടാക്സ് വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം, ആദായനികുതി വകുപ്പ് സോനു സൂദിനെതിരെ ഗൂഡാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.
കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തായി കുടുങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാട്ടിലെത്തിക്കാന്‍ സോനു സൂദ് ബസ്സ് സൗകര്യം ഒരുക്കിയിരുന്നു. പലരേയും വിമാനത്തിലും സോനുസൂദ് നാട്ടിലെത്തിച്ചു. കോവിഡിന്റെ രണ്ടാം വരവില്‍ പല സംസ്ഥാനങ്ങളിലും ഇദ്ദേഹം ഓക്‌സിജന്‍ പ്ലാന്‍റുകളും ഒരുക്കി.
അരവിന്ദ് കെജരിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്കകമാണ് റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. ഡൽഹി സർക്കാർ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 'ദേശ് കാ മെന്റേഴ്‌സ്' എന്ന പരിപാടിയുടെ അംബാസിഡറായും താരത്തെ തെരഞ്ഞെടുത്തിരുന്നു. ഇതിനിടെ സോനു സൂദ് എ.എ.പിയിൽ ചേരുകയാണെന്ന അഭ്യൂഹവും പരന്നിരുന്നു. ഇതിനാലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. എന്നാൽ സംഭവത്തിൽ ബന്ധവുമില്ലെന്ന പ്രതികരണവുമായി ബി.ജെ.പിയും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.