അനധികൃത വസ്തു ഇടപാട്; ആദായ നികുതി വകുപ്പ് റോബർട്ട് വദ്രയുടെ ഓഫിസിൽ
text_fieldsന്യൂഡൽഹി: പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്രയുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തും. വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് അധികൃതർ കിഴക്കൻ ഡൽഹിയിലെ സുഖ്ദേവ് വിഹാറിലെ വദ്രയുടെ ഓഫിസിലെത്തിയത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വദ്ര. ലണ്ടനിൽ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസാണ് ഇതിൽ പ്രധാനം. 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ നിരന്തരം ഇദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
2015ൽ വദ്രയുടെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കനേറിൽ പാവങ്ങളുടെ പുനരധിവാസത്തിനായി സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി സ്ഥലം ഏറ്റെടുത്തു. കുറഞ്ഞ ചിലവിൽ 69.55 ഹെക്ടർ ഭൂമി സ്വന്തമാക്കുകയും അനധികൃത വിൽപ്പനയിലൂടെ 5.15 കോടി സ്വന്തമാക്കിയതായാണ് കേസ്. കൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വദ്രക്കെതിരെ കേസ് അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, ഓഫിസിൽ പരിശോധനക്കായല്ല പോകുന്നതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
എന്നാൽ, കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് റോബർട്ട് വദ്രയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.