3,185 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്
text_fieldsന്യൂഡല്‍ഹി: നോട്ടുകൾ അസാധുവാക്കിയതിനുശേഷം രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ 3,185 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്. രാജ്യ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിടികൂടിയതെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
നോട്ട് പ്രതിസന്ധി പരിഹരിക്കാനായി വിതരണം ചെയ്ത പുതിയ നോട്ടുകൾ ഉൾപ്പെടുന്ന 86 കോടി രൂപയും കള്ളപ്പണക്കാരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. നോട്ട് അസാധുവാക്കിയ നവംബർ എട്ടിനുശേഷം ഇതുവരെ ആദായനികുതി വകുപ്പ് സംഘടിപ്പിച്ചത് 677 റെയ്ഡുകളും സർവേകളും അന്വേഷണങ്ങളുമാണെന്നും ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തി. ഇത്തരം പരിശോധനകളിൽ കണ്ടെത്തിയ നികുതി വെട്ടിപ്പുകൾക്കും ഹവാല ഇടപാടുകൾക്കും പിന്നിൽ പ്രവർത്തിച്ചവർക്ക് 3,100 നോട്ടീസുകളും ആദായനികുതി വകുപ്പ് അയച്ചു.
220 കേസുകളാണ് കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സ്വര്‍ണവും മറ്റു വസ്തുക്കളുമടക്കം മൊത്തം 3,185 കോടിയുടെ അനധികൃത സ്വത്താണ് ഇതുവരെ പിടികൂടിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇവിവിധ സംസ്ഥാനങ്ങളിലുള്ള ആദായനികുതി ഓഫീസുകളും ബാങ്കുകളും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇത്രയും തുക പിടികൂടാനായതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.