പരിശോധന തുടരുന്നു; പ്രവർത്തനം പഴയപടി മുന്നോട്ടുപോകുമെന്ന് ബി.ബി.സി
text_fieldsന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ബി.ബി.സി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന ബുധനാഴ്ചയും തുടരുന്നതായി ബി.ബി.സി. ഏതാനും ജീവനക്കാരോട് ഓഫിസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ പ്രവർത്തനം പഴയപടി മുന്നോട്ടുപോകുമെന്ന് ബി.ബി.സി അറിയിച്ചു. ചില ജീവനക്കാരോട് ഓഫിസിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവർ വീടുകളിലേക്ക് മടങ്ങി. പരിശോധനയോട് സഹകരിക്കുമെന്നും ബി.ബി.സി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11.30നാണ് ഓഫിസുകളിൽ പരിശോധന തുടങ്ങിയത്. രാത്രിയിലും പരിശോധന തുടർന്നു.
വരവുചെലവ്, ബാക്കിപത്ര കണക്കുകൾക്കു പുറമെ, എല്ലാ ജീവനക്കാരുടെയും കമ്പ്യൂട്ടറുകൾ പരിശോധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പരിശോധനകൾക്കുശേഷം തിരിച്ചുനൽകുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
ഓഫിസിന്‍റെ പ്രവർത്തനം മണിക്കൂറുകൾ തടസ്സപ്പെട്ടതിനൊടുവിലാണ് മാധ്യമപ്രവർത്തകരെ പുറത്തുപോകാൻ അനുവദിച്ചു. വർക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് പ്രതിദിന വാർത്താപരിപാടികൾ മുന്നോട്ടുനീക്കിയത്.
പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ബി.ബി.സി ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ നൽകാതെ നികുതി വെട്ടിപ്പിലൂടെ വഴിവിട്ട ലാഭമുണ്ടാക്കുന്നുവെന്ന സംശയം മുന്നോട്ടുവെച്ചാണ് ഡൽഹി, മുംബൈ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിപ്പിച്ച് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്.
മാധ്യമ പ്രവർത്തകരെയും മറ്റു ജീവനക്കാരെയും പുറത്തുപോകാനോ അകത്തുകടക്കാനോ ആദ്യഘട്ടത്തിൽ അനുവദിച്ചില്ല. ധനമന്ത്രാലയത്തിലെ പ്രത്യക്ഷ നികുതി ബോർഡിനുകീഴിൽ വരുന്ന രണ്ടു ഡസനോളം ആദായ നികുതി ഉദ്യോഗസ്ഥരാണ് ഡൽഹി ഹിന്ദുസ്ഥാൻ ടൈംസ് ഹൗസിന്‍റെ അഞ്ച്, ആറ് നിലകളിലായി പ്രവർത്തിക്കുന്ന ബി.ബി.സി ഓഫിസിൽ ഉച്ചക്കുമുമ്പ് എത്തിയത്. മുംബൈ സ്റ്റുഡിയോയിലും ഇതേ രീതിയിൽ ഒരേ സമയത്തായിരുന്നു പരിശോധന. ഇന്ത്യയിലെ പ്രവർത്തനം വഴി ഉണ്ടാക്കുന്ന വരുമാനത്തിന് നിയമാനുസൃതം നൽകേണ്ട നികുതി അടക്കാത്തതിന് പലവട്ടം നോട്ടീസ് നൽകിയിട്ടും ബി.ബി.സി അവഗണിച്ചുവെന്നാണ് ആദായനികുതി വൃത്തങ്ങൾ വിശദീകരിച്ചത്.
നടന്നത് റെയ്ഡല്ല, കണക്കുകളുടെ സർവേ മാത്രമാണെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞു. അതുമായി പൂർണമായി സഹകരിച്ചുവെന്നും, ഉദ്യോഗസ്ഥർ ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണം നൽകിയെന്നും ബി.ബി.സി ഡൽഹി ഓഫിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.