ഓഹരി വിപണി തകർന്നടിഞ്ഞിട്ടും ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ കമ്പനി നേടിയത് 579 കോടിയുടെ നേട്ടം
text_fieldsഅമരാവതി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ജൂൺ നാലിന് ഓഹരി വിപണി വൻ തകർച്ച നേരിട്ടിട്ടും കഴിഞ്ഞ അഞ്ച് ദിവസമായി നേട്ടത്തിൽ ക്ലോസ് ചെയ്യുകയാണ് ടി.എം.സി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഫുഡ്സ് പോസിറ്റീവ് ഓഹരികൾ.
നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിക്ക് ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡിൽ 24.37 ശതമാനം ഓഹരിയുണ്ട്. അതായത് കമ്പനിയുടെ പ്രധാന ഓഹരിയുടമ എന്ന് പറയാം. ഫലപ്രഖ്യാപന ദിനത്തിലെ കൂട്ടത്തകർച്ചയിലും ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരി വില കയറുകയായിരുന്നു.
ലോക്സഭ ഫലത്തിനു മുന്നോടിയായി ഓഹരി വിപണി മുമ്പെങ്ങുമില്ലാത്ത വൻ തകർച്ചയാണ് നേരിട്ടത്. കഴിഞ്ഞ അഞ്ച് ദിവസമായി ഹെറിറ്റേജ് ഫുഡ്സ് പോസിറ്റീവ് നോട്ടിലാണ്. ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ് സ്റ്റോക്കുകളുടെ വിലയിലെ കുതിച്ചുചാട്ടം ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡിന്റെ വൈസ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഭുവനേശ്വരി നാരക്കും സന്തോഷവാർത്ത നൽകി. ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിലെ ടി.ഡി.പിയുടെ തകർപ്പൻ പ്രകടനത്തിന് ശേഷം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ് ചന്ദ്രബാബു നായിഡു.
ഹെറിറ്റേജ് ഫുഡ്‌സ് ഓഹരികളുടെ വിലയിൽ അടുത്തിടെയുണ്ടായ കുതിച്ചുചാട്ടം നാരാ ഭുവനേശ്വരിയുടെ ആസ്തിയിലും ഗണ്യമായ വർധനവുണ്ടാക്കി. അഞ്ച് ദിവസം കൊണ്ട് അവരുടെ സ്വത്ത് 579 കോടി രൂപ വർധിച്ചുവെന്നാണ് റിപ്പോർട്ട്. മെയ് 31ന് കമ്പനിയുടെ ഓഹരി 402.90 രൂപയിൽ ക്ലോസ് ചെയ്തു. അടുത്ത അഞ്ച് ട്രേഡിങ് സെഷനുകളിൽ ഓഹരി വില കുതിച്ചുയരുകയായിരുന്നു.
1992 ൽ ചന്ദ്രബാബു നായിഡുവാണ് ഹെറിറ്റേജ് ഫുഡ്‌സ് സ്ഥാപിച്ചത്. ഡയറി, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ ബിസിനസ് വിഭാഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പൊതു ലിസ്‌റ്റഡ് കമ്പനികളിലൊന്നായി ഇത് വളർന്നു. കമ്പനിയുടെ പാലും പാലുൽപ്പന്നങ്ങളും ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിൽ വിൽക്കുന്നു.
നായിഡുവിന്റെ മകൻ നാര ലോകേഷ് ആണ് കമ്പനിയുടെ മറ്റൊരു പ്രൊമോട്ടർ. ആന്ധ്ര കേന്ദ്രീകരിച്ചുള്ള മറ്റ് ഏഴു കമ്പനികളും വിപണിയിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനു മുമ്പുള്ള ഓഹരി വിപണിയിലെ കുതിപ്പിൽ കോൺഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.