അസമിലെ തേയിലത്തൊഴിലാളികൾ ചോദിക്കുന്നു; ചായച്ചണ്ടിപോലെയാകുമോ വാഗ്ദാനങ്ങൾ?
text_fieldsഖോഭാങ്: അസമിലെ ചായപ്പൊടിയുടെ മഹത്ത്വം പാടിപ്പുകഴ്ത്തുമെങ്കിലും അത് ഉൽപാദിപ്പിക്കാൻ സംസ്ഥാനത്തെ 803 തേയിലേത്താട്ടങ്ങളിലായി തൊഴിലെടുക്കുന്ന എട്ടുലക്ഷം മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിക്കാറേയില്ല ഇവിടത്തെ പാർട്ടികൾ. എന്നാൽ, ഇക്കുറി ബി.ജെ.പിയും കോൺഗ്രസ്-എ.യു.ഡി.എഫ് സഖ്യവും തമ്മിൽ ബലാബലം പോരാട്ടമായതോടെ തൊഴിലാളി ലയങ്ങൾക്ക് മുന്നിൽ കാത്തുകെട്ടിക്കിടന്ന് വോട്ടു ചോദിക്കുന്നുണ്ട് സ്ഥാനാർഥികളും നേതാക്കളും.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തൊഴിലാളി സ്ത്രീകൾക്കൊപ്പം കൊളുന്ത് നുള്ളുന്ന ഫോട്ടോ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു. അസം തേയിലയുടെ പെരുമ ഇടിക്കാൻ ഗൂഢാലോചന നടത്തിയവർക്ക് തൊഴിലാളികൾ തക്കതായ മറുപടി നൽകുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസംഗവും വലിയ വാർത്തയായി.
'കൂലി കൂട്ടിക്കിട്ടുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി, പക്ഷേ, അതു യാഥാർഥ്യമാകുന്നില്ലെന്ന് മാത്രം. ഇപ്പോൾ കിട്ടുന്ന 167 രൂപ ദിവസക്കൂലികൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോവൽ ഒട്ടും എളുപ്പമല്ല'. തലസ്ഥാനമായ ഗുവാഹതിയിൽനിന്ന് 530 കിലോമീറ്റർ അകലെ ഡീമൂലി തേയിലത്തോട്ടത്തിലെ ജോലിക്കാരനായ ആനന്ദ കോണ്ടോ പറയുന്നു.
കൂലി 315 രൂപയാക്കുമെന്നാണ് 2016 ലെ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. അഞ്ചു വർഷമായിട്ടും അതു നടന്നില്ല. അധികാരം കിട്ടിയാൽ ആറു മണിക്കൂറിനുള്ളിൽ കൂലി 365 രൂപയാക്കി ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫെബ്രുവരി 14ന് ഒരു റാലിയിൽ പ്രഖ്യാപിച്ചതോടെ 50 രൂപ വർധിപ്പിക്കാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചു. എന്നാൽ, തോട്ടമുടമകൾ എതിർപ്പുമായി ഹൈകോടതിയിലെത്തിയതോടെ വർധന 26 രൂപയിലൊതുങ്ങി.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 350 രൂപയും ഭക്ഷണവും ദിവസക്കൂലിയായി കിട്ടുന്ന അവസ്ഥയിൽ 365 എന്ന തുകയും അപര്യാപ്തമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. 126 ൽ 42 മണ്ഡലങ്ങളിലെ നിർണായകഘടകമായതിനാലാണ് തേയിലത്തൊഴിലാളികളുടെയും ആദിവാസി സമൂഹത്തിെൻറയും പിന്നാലെ കൂടാൻ പാർട്ടികളെ പ്രേരിപ്പിക്കുന്നത്. ആറിന് മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ചായച്ചണ്ടിയുടെ അവസ്ഥയാവും തങ്ങൾക്കെന്നും തൊഴിലാളികൾ ആശങ്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.