വിദ്യാർഥിനിയുടെ യൂനിഫോം അഴിപ്പിച്ചു, ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു; അധ്യാപകന് സസ്പെൻഷൻ
text_fieldsഭോപാൽ: മറ്റ് കുട്ടികൾക്ക് മുന്നിൽവെച്ച് 10 വയസ്സുള്ള ആദിവാസി വിദ്യാർഥിനിയുടെ യൂനിഫോം അഴിപ്പിച്ചഅധ്യാപകനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിലെ ആദിവാസി ക്ഷേമ വകുപ്പ് നടത്തുന്ന സർക്കാർ പ്രൈമറി സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. യൂനിഫോമിന് വൃത്തിയില്ലെന്നും മുഷിഞ്ഞതാണെന്നുമുള്ള കാരണത്താലാണ് ശ്രാവൺകുമാർ ത്രിപാഠിയെന്ന അധ്യാപകന്‍റെ നടപടി. സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗ്രാമവാസികൾ രോഷം പ്രകടിപ്പിച്ചു.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അടിവസ്ത്രത്തിൽ നിർത്തുകയും അധ്യാപകൻ കുട്ടിയുടെ വസ്ത്രങ്ങൾ കഴുകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് കുട്ടികൾ സമീപത്ത് നിൽക്കുന്നതും കാണാം. യൂനിഫോം ഉണങ്ങുന്നത് വരെ വിദ്യാർഥിനിക്ക് രണ്ട് മണിക്കൂറോളം വസ്ത്രമില്ലാതെ ഇരിക്കേണ്ടി വന്നതായി ചില ഗ്രാമീണർ പറഞ്ഞു.
അതേസമയം, സംഭവത്തിന്റെ ചിത്രങ്ങൾ ആദിവാസി ക്ഷേമ വകുപ്പിന്‍റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകൻ ത്രിപാഠി തന്നെയാണ് പങ്കുവെച്ചത്. 'സ്വച്ഛതാ മിത്ര' (ശുചിത്വ സന്നദ്ധപ്രവർത്തകൻ) എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഗ്രൂപ്പിലിട്ടത്. സംഭവം വിവാദമായതോടെ ത്രിപാഠിയെ സസ്പെൻഡ് ചെയ്തതായി മധ്യപ്രദേശ് ആദിവാസി ക്ഷേമ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ആനന്ദ് റായ് സിൻഹ അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.