പശ്ചിമ ബംഗാൾ സർക്കാറിന് തിരിച്ചടി; കാൽ ലക്ഷം അധ്യാപക നിയമനങ്ങൾ അസാധുവാക്കി ഹൈകോടതി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ നടത്തുന്നതോ ധനസഹായം നൽകുന്നതോ ആയ (എയ്ഡഡ്) സ്കൂളുകളിലേക്ക് 2016ൽ നടത്തിയ അധ്യാപക നിയമനങ്ങൾ കൽക്കത്ത ഹൈകോടതി അസാധുവാക്കി.
വിധി സംസ്ഥാന സർക്കാറിന് വൻ തിരിച്ചടിയായി. സംസ്ഥാനതല പരീക്ഷക്കു പിന്നാലെ നടത്തിയ നിയമനങ്ങളാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
ഉത്തരവിന്റെ പരിധിയിൽ വരുന്ന അധ്യാപകർ, ഇതുവരെ കൈപ്പറ്റിയ ശമ്പളം 12 ശതമാനം പലിശയോടെ നാലാഴ്ചക്കകം തിരിച്ചടക്കണം. ഇതിനായി ജില്ല മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. ‘ഒന്നും രേഖപ്പെടുത്താത്ത ഒ.എം.ആർ ഷീറ്റ് സമർപ്പിച്ച് നിയമനം നേടിയ അധ്യാപകർ ശമ്പളം തിരിച്ചുനൽകണമെന്നാണ് ഉത്തരവിലുള്ളത്. ഇപ്പോൾ അർബുദ ചികിത്സ തേടുന്ന അധ്യാപകൻ സോമദാസ് എന്നയാൾക്ക് മാനുഷിക വശം പരിഗണിച്ച് കോടതി ഇളവു നൽകി. നിയമന നടപടിയിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബെഞ്ച് നിർദേശിച്ചു. മൂന്ന് മാസത്തിനകം സി.ബി.ഐ റിപ്പോർട്ട് സമർപ്പിക്കണം. പശ്ചിമ ബംഗാൾ സ്കൂൾ സർവിസ് കമീഷൻ (എസ്.എസ്.സി) പുതിയ നിയമന നടപടി തുടങ്ങണമെന്നും ഉത്തരവിൽ പറഞ്ഞു.
ഹൈകോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇത് ചോദ്യംചെയ്യുമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. റായ്ഗഞ്ചിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ ഉത്തരവുകളും സ്വീകരിക്കേണ്ട ബാധ്യതയില്ലെന്നും മറ്റൊരു പരിപാടിയിൽ സംസാരിക്കവെ മമത പറഞ്ഞു. 24,640 ഒഴിവുകളിലേക്കായി 23 ലക്ഷം പേരാണ് 2016ൽ പരീക്ഷ എഴുതിയത്. 25,753 പേർക്ക് നിയമനം നൽകി. സ്റ്റേ ഉത്തരവ് വേണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി നിഷേധിച്ചു.
വിധി വിശദമായി പഠിച്ചശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്.എസ്.സി അധ്യക്ഷൻ സിദ്ധാർഥ് മജൂംദാർ പറഞ്ഞു. വിധി വന്നതോടെ കോടതിക്കു പുറത്ത് ഒരേസമയം ആഹ്ലാദവും കരച്ചിലും നിറഞ്ഞു. ഇപ്പോൾ ജോലിയിലുള്ളവർക്കാണ് വിധി കണ്ണീരായത്. അധ്യാപകരുടെയും ഗ്രൂപ് -സി, ഡി ജീവനക്കാരുടെയും നിയമനമാണ് 2016ൽ നടന്നത്. നിയമനം നടന്നതുമുതൽ വിവാദമുയർന്ന സംഭവത്തിൽ, വർഷങ്ങളായി ഉദ്യോഗാർഥികൾ നീതി തേടി കോടതി കയറുകയാണ്.
കഴിഞ്ഞ വർഷം നവംബറിൽ, കേസ് പരിഗണിക്കാനായി ഡിവിഷൻ ബെഞ്ചിന് രൂപം നൽകണമെന്ന് സുപ്രീംകോടതി കൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസിന് നിർദേശം നൽകിയിരുന്നു. വിവാദ പരീക്ഷയും നിയമനവും നടന്ന കാലത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാർറ്റർജി ഉൾപ്പെടെ പ്രമുഖരെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.