ബിഹാറിൽ അധ്യാപക നിയമന തട്ടിപ്പ്; വ്യാജ മാർക്ക് ലിസ്റ്റുമായി നിയമനം നേടിയത് 24,000 പേർ
text_fieldsപട്ന: ബിഹാറിൽ വ്യാജ ഡിഗ്രിയും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലിനേടിയത് 24,000 ഉദ്യോഗാർത്ഥികൾ. റിക്രൂട്ട്‌മെൻ്റ് ടെസ്റ്റിൽ വിജയിച്ച 1.87 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി അടുത്തിടെ നടത്തിയ കൗൺസിലിംഗിന് ശേഷമാണ് പുതിയ ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ വെളിപ്പെട്ടത്.
സ്‌ക്രീനിങ്ങിൽ, ഉദ്യോഗാർത്ഥികളുടെ അധ്യാപനയോഗ്യത പരിശോധിക്കുന്നതിനിടെ വലിയ പൊരുത്തക്കേടുകളാണ് ശ്രദ്ധയിൽപ്പെട്ടത്.
പല ഉദ്യോഗാർത്ഥികളും സമർപ്പിച്ചത് വ്യാജ മാർക്ക് ഷീറ്റുകളായിരുന്നു. നിയമനം ലഭിക്കുന്നതിനായി വ്യാജരേഖകൾ ഹാജരാക്കിയതിന് മുൻപ് 4000 ഉദ്യോഗാർത്ഥികളെ പിടികൂടിയിരുന്നു.
വ്യാജ ഉദ്യോഗാർത്ഥികളിൽ എൺപത് ശതമാനംപേർക്കും നിയമപ്രകാരം വേണ്ട അറുപത് ശതമാനത്തിലും താഴെയായിരുന്നു മാർക്ക്. ഇതിൽ 20 ശതമാനം പേരും മാർക്ക് ഷീറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്നും കണ്ടെത്തി.
ജാതിയുടെ പേരിലും ഭിന്നശേഷിക്കാരായും കായികതാരങ്ങളായും ചമഞ്ഞ് സർട്ടിഫിക്കറ്റുകളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 1 മുതൽ 13 വരെ അധ്യാപകർക്കായി നിരവധി കൗൺസിലിംഗ് സെഷനുകൾ നടത്തിയിരുന്നു.
എന്നാൽ ഏകദേശം 42,000 അധ്യാപകർക്ക് കൗൺസിലിംഗ് ലഭിച്ചിരുന്നില്ല. ഇതിൽത്തന്നെ 3000-ലേറെ പേർ സെഷനുകളിൽ ഹാജരായിരുന്നില്ല. 10,000-ലേറെ അധ്യാപകർക്ക് ബയോമെട്രിക് വേരിഫിക്കേഷൻ പൂർത്തിയായിരുന്നില്ല. ഈ അവസരം നഷ്ടപ്പെട്ടവർക്ക് ഈ വർഷത്തെ ഛാട്ട് ഉത്സവത്തിന് ശേഷം അവസരം നൽകുമെന്ന് ബിഹാർ വിദ്യാഭ്യാസ വകുപ്പ് ഉറപ്പുനൽകി.
തട്ടിപ്പുനടത്തി ജോലിയിൽക്കയറിയവരെ സർവീസിൽനിന്ന് പിരിച്ചുവിടാനും ഇവർക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.