കശ്മീരിനായി വാദിച്ച അധ്യാപകന് സസ്പെൻഷൻ; പ്രതികാരം ?
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയത്തിൽ സുപ്രീംകോടതിയിൽ വാദിച്ച െലക്ചററെ സസ്പെൻഡ് ചെയ്തത് പ്രതികാരമാണോയെന്ന ചോദ്യവുമായി ഭരണഘടനബെഞ്ച്. ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതിനെതിരായ ഹരജിയിൽ ജമ്മു കശ്മീരിനുവേണ്ടി വാദിച്ച നിയമബിരുദധാരിയായ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദ്യം ചെയ്തത്.
ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോട് സംസാരിച്ച് സസ്പെൻഷന്റെ കാരണം അറിയിക്കാൻ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയോട് ബെഞ്ച് നിർദേശിച്ചു. രാഷ്ട്രമീമാംസ അധ്യാപകനായ സഹൂർ അഹ്മദ് ഭട്ട് ഈ മാസം 24ന് സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി, 370-ാം അനുഛേദം റദ്ദാക്കിയതിനെതിരെ വാദിച്ചതിന് തൊട്ടുപിറകെയാണ് 25ന് ജമ്മു-കശ്മീർ വിദ്യാഭ്യാസ വകുപ്പ് സീനിയർ െലക്ചറർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
370-ാം അനുഛേദം റദ്ദാക്കി പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനെതിരെ സമർപ്പിച്ച ഹരജികളിൽ തിങ്കളാഴ്ച വാദം തുടങ്ങിയ വേളയിൽ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബലാണ് സഹൂർ അഹ്മദ് ഭട്ടിനെ സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചത്. ഈ കോടതിക്ക് മുമ്പാകെ ഹാജരായതിന് തൊട്ടുപിന്നാലെ സഹൂർ ഭട്ടിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും ഇത് അന്യായമാണെന്നും സിബൽ ബോധിപ്പിച്ചു. രണ്ടു ദിവസം അവധിയെടുത്താണ് സഹൂർ ഭട്ട് സുപ്രീംകോടതിയിൽ തന്റെ വാദത്തിനായി വന്നത്. വിഷയം പരിശോധിക്കണമെന്ന് സിബൽ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടയിൽ ഇടപെട്ട സോളിസിറ്റർ ജനറൽ (എസ്. ജി) തുഷാർ മേത്ത, പത്രങ്ങളിൽ ഈ വാർത്ത വായിച്ചശേഷം താൻ വിഷയം പരിശോധിച്ചുവെന്നും വാർത്ത പൂർണ സത്യമല്ലെന്നും വാദിച്ചു. എന്നാൽ, ആഗസ്റ്റ് 25ന് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ ജമ്മു-കശ്മീർ കേസിൽ സഹൂർ ഭട്ട് ഹാജരായത് പറയുന്നുണ്ടെന്ന് സിബൽ തിരിച്ചടിച്ചു. മറ്റു വിഷയങ്ങളുണ്ടെന്നും വിവിധ കോടതികളിൽ സഹൂർ ഹാജരാകുന്നുണ്ടെന്നും ഇക്കാര്യങ്ങൾ താൻ സമർപ്പിക്കുമെന്നും എസ്.ജി വാദിച്ചു.എങ്കിൽ എന്തുകൊണ്ട് സഹൂറിനെ നേരത്തേ സസ്പെൻഡ് ചെയ്തില്ലെന്ന് സിബൽ ചോദിച്ചു.
ഇതോടെ, എന്താണ് സംഭവിച്ചതെന്ന് ചീഫ് ജസ്റ്റിസ് എ.ജിയോട് ചോദിച്ചു. ഈ കോടതിയിൽ ഹാജരായ ഒരാൾ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. എന്തു സംഭവിച്ചുവെന്ന് ലഫ്റ്റനന്റ് ജനറലിനോട് സംസാരിക്കുക. ജമ്മു-കശ്മീർ കേസ് അല്ലാത്ത മറ്റു വല്ലതുമാണെങ്കിൽ കാര്യം വേറെ. എന്നാൽ, ഈ കേസിൽ ഹാജരായതിന് തൊട്ടുപിന്നാലെ സസ്പെൻഷൻ ചെയ്തുവോ എന്ന് അറിയണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ വിഷയം പരിശോധിക്കാമെന്ന് എ.ജി സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.