ആർ.എസ്.എസ് ഗാനത്തിന് സല്യൂട്ട് ചെയ്ത് അധ്യാപകരും വിദ്യാർഥികളും; കേന്ദ്ര സർവകലാശാലയിലെ യോഗത്തിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ്
text_fieldsബംഗളൂരു: കർണാടക കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർ.എസ്.എസ്) യോഗം നടന്നതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ്. സർവകലാശാലയെ ആർ.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയുടെ വിമർശനം.
ജൂലൈ 18നായിരുന്നു കർണാടക കേന്ദ്ര സർവകലാശാലയിൽ ആർ.എസ്.എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്. പരിപാടിക്കിടെ സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ആർ.എസ്.എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
എഖ്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രിയങ്ക് ഖാർഗെ തന്റെ വിമർശനമറിയിച്ചത്. കല്യാണ കർണാടക മേഖലയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ശ്രീ മല്ലികാർജുൻ ഖാർഗെ സ്ഥാപിച്ചതാണ് കർണാടക കേന്ദ്ര സർവകലാശാല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് പകരം സർവകലാശാല ഒരു ആർ.എസ്.എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്ക ഖാർഗെയുടെ പരാമർശം. കഴിഞ്ഞ ഏതാനും നാളുകളായി സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രചാരകരുടെ നുഴഞ്ഞുകയറ്റം ശക്തമാകുകയാണെന്നും ഇത് വ്യവസ്ഥിതിയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ആരോപണങ്ങളെ തള്ളി സർവകലാശാല വൈസ് ചാൻസലർ ബട്ടു സത്യനാരായണ രംഗത്തെത്തിയിരുന്നു. ആർഎസ്.എസ് നിരോധിത സംഘടനയല്ലെന്നും സർവകലാശാലയിലെ ജീവനക്കാരും വിദ്യാർഥികളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.