സർക്കാർ സ്കൂൾ അധ്യാപകരുടെ ശമ്പളം സ്വകാര്യ സ്കൂൾ ടീച്ചർമാർക്കും നൽകണമെന്ന് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: സർക്കാർ സ്കൂൾ അധ്യാപകരുടെ അതേ ശമ്പളം സ്വകാര്യ സ്കൂൾ ടീച്ചർമാർക്കും നൽകണമെന്ന് ഡൽഹി ഹൈകോടതി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സ്കൂൾ മാനേജ്മെന്റുകൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ഏഴാം ശമ്പള കമീഷൻ അനുസരിച്ച് അധ്യാപകർക്ക് ശമ്പളം നൽകണമെന്ന ഉത്തരവിനെതിരെയാണ് മാനേജ്മെന്റുകൾ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്.
ഡൽഹി സ്കൂൾ വിദ്യാഭ്യാസ നിയമത്തിലെ പത്താം വകുപ്പ് സർക്കാർ സ്കൂൾ അധ്യാപകരേക്കാൾ കുറഞ്ഞ ശമ്പളം സ്വകാര്യ സ്കൂൾ ടീച്ചേഴ്സിന് നൽകരുതെന്ന് പറയുന്നു. ഇവർക്ക് മറ്റ് അലവൻസുകളും മെഡിക്കൽ സേവനങ്ങളും പെൻഷൻ, ഗ്രാറ്റിവിറ്റി, പി.എഫ് പോലുള്ളവയും നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് 2017ൽ പുറത്തിറക്കിയ ഉത്തരവിൽ എല്ലാ അംഗീകൃത സ്വകാര്യ സ്കൂളുകളും ഏഴാം ശമ്പള കമീഷൻ അനുസരിച്ച് അധ്യാപകർക്ക് ശമ്പളം വിതരണം ചെയ്യണമെന്ന് പറയുന്നുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ജസ്റ്റിന് മൻമോഹൻ ജസ്റ്റിസ് മിനി പുഷ്‍കർണ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിർണായക വിധി.
ഏഴാം ശമ്പള കമീഷൻ അനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് അധ്യാപകരാണ് ഹൈകോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ച് അധ്യാപകർ അനുകൂലമായി വിധിക്കുകയായിരുന്നു. ഇതുപ്രകാരം മുൻകാല പ്രാബല്യത്തോടെ ജീവനക്കാർക്ക് ഏഴാം ശമ്പള കമീഷൻ അനുസരിച്ചുള്ള ശമ്പളം വിതരണം ചെയ്യാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.