ആർ.എസ്.എസ് ശാഖയിൽ പഠിപ്പിക്കുന്നത് നിയമസഭയിൽ നീലച്ചിത്രം കാണാൻ -എച്ച്.ഡി. കുമാരസ്വാമി
text_fieldsബംഗളൂരു: നിയമസഭയിലിരുന്ന് നീലച്ചിത്രം കാണാൻ പഠിപ്പിക്കലാണ് ആർ.എസ്.എസ് ശാഖയിൽ ചെയ്യുന്നതെന്നും അതിനാൽ തനിക്ക് അവിടെനിന്ന് ഒന്നും പഠിക്കാനില്ലെന്നും കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. ആർ.എസ്.എസ് ശാഖ സന്ദർശിച്ച് സംഘത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.
'അവരുടെ (ആർ.എസ്.എസ്) കൂട്ടുകെട്ട് എനിക്ക് വേണ്ട. ആർ.എസ്.എസ് ശാഖയിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ കണ്ടതല്ലേ? നിയമസഭ സമ്മേളനം നടക്കുമ്പോൾ നീലച്ചിത്രങ്ങൾ കാണുകയാണ് അവർ. ആർ.എസ്.എസ് ശാഖയിൽ അത്തരത്തിലുള്ള ഒരു കാര്യം ആയിരിക്കും പഠിപ്പിച്ചിട്ടുണ്ടാകുക. ഇത് പഠിക്കാൻ എനിക്ക് അവിടെ പോകേണ്ടതുണ്ടോ?' -എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എനിക്ക് അവരുടെ ശാഖ വേണ്ട. ഞാൻ പഠിക്കുന്നത് പാവപ്പെട്ട ജനങ്ങളുടെ ശാഖയിൽനിന്നാണ്. ആർ.എസ്.എസ് ശാഖയിൽനിന്ന് എനിക്ക് ഒന്നും പഠിക്കാനില്ല' -കുമാരസ്വാമി കൂട്ടിച്ചേർത്തു.
2012ലെ നിയമസഭയിൽ മൂന്ന് മന്ത്രിമാർ മൊബൈൽ ഫോണിൽ നീലച്ചിത്രം കാണുന്നത് കാമറയിൽ കുടുങ്ങിയിരുന്നു. സംഭവം ബി.ജെ.പി സർക്കാറിന് നാണക്കേടുണ്ടാക്കുകയും മൂന്ന് മന്ത്രിമാരും രാജിവെക്കുകയും ചെയ്തിരുന്നു.
അടുത്തിടെ ഒരു പുസ്തകത്തെ പരാമർശിച്ചുകൊണ്ട്, ആർ.എസ്.എസ് ഹിഡൻ അജണ്ടയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുകയും ഇവർ ഇപ്പോൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണെന്നും എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചിരുന്നു. കേന്ദ്രത്തിലെയും കർണാടകയിലെയും ബി.ജെ.പി സർക്കാറുകൾ പ്രവർത്തിക്കുന്നത് ആർ.എസ്.എസിന്‍റെ നിർദേശപ്രകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ കൈയിലെ പാവയാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് ആർ.എസ്.എസ് ശാഖയിൽ വന്ന് അതിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ നളിൻ കട്ടീൽ കുമാരസ്വാമിയെ ക്ഷണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.