താങ്ങുവിലക്കു പകരം കണ്ണീർ വാതകം; കർഷക സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാറിനെ വിമർശിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: താങ്ങുവിലയെന്ന ആവശ്യം അംഗീകരിക്കാതെ കർഷകർക്കുനേരെ കണ്ണീർവാതകം പ്രയോഗിക്കുകയും അവരെ ജയിലിലടക്കുകയുമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. ഛത്തീസ്ഗഢിലെ അംബികപുരിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. രാജ്യത്ത ചെറുകിട വ്യാപാരികളെ തകർക്കാനുള്ള ആയുധമായി ജി.എസ്.ടിയും നോട്ടുനിരോധനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചു. എം.എസ്. സ്വാമിനാഥന് കേന്ദ്ര സർക്കാർ ഭാരത് രത്ന നൽകിയെങ്കിലും അദ്ദേഹത്തിന്‍റെ നിർദേശങ്ങൾ നടപ്പാക്കാൻ അവർ തയാറാകുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
എല്ലാ കർഷകർക്കും താങ്ങുവില നിയമപരമായി ഉറപ്പ് നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 15 കോടി കർഷക കുടുംബങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കാൻ ഈ നടപടി സഹായിക്കുമെന്നും നീതിയുടെ പാതയിൽ കോൺഗ്രസിന്‍റെ ആദ്യ ഉറപ്പാണിതെന്നുംം രാഹുൽ പ്രതികരിച്ചു. താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് മാർച്ച് നടക്കുകയാണ്. ഡൽഹി വളയാനാണ് കർഷകരുടെ നീക്കം. കർഷക പ്രതിഷേധത്തെ നേരിടാൻ യുദ്ധസമാനമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.