ഗുജറാത്ത് കലാപക്കേസ് പ്രതികളുടെ മോചനം; ടി.വി ചർച്ചക്കിടെ പൊട്ടിക്കരഞ്ഞ് ഷബാന ആസ്മി
text_fieldsഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ പീഡനത്തിന് ഇരയാക്കിയ 11 പേരെ മോചിപ്പിച്ചതിനെതിരെ നടി ഷബാന അസ്മി. പ്രതികളെ മോചിപ്പിച്ച സമയത്ത് പല തലങ്ങളില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാരിന് എതിരെയുളള പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരും മുന്നോട്ട് വന്നില്ലയെന്നും ഷബാന എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'നമ്മള്‍ അവര്‍ക്കു വേണ്ടി പൊരുതണ്ടേ? നീതി ലഭിക്കുന്നതു വരെ അവര്‍ക്കായി ശബ്ദമുയര്‍ത്തണം. വീടുകളില്‍ സുരക്ഷിതരല്ലാത്ത സ്ത്രീകള്‍, തങ്ങള്‍ പീഡിപ്പിക്കപ്പെടും എന്ന ഭയത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഇവര്‍ക്കെല്ലാം ആര് സുരക്ഷ നല്‍കും. ഞാന്‍ എന്‍റെ വരും തലമുറയോട് എന്തു പറയും? ബില്‍ക്കീസിന് എന്ത് ഉത്തരം നല്‍കും'-ഷബാന പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു.
പ്രതികളെ മോചിപ്പിച്ച സന്തോഷത്തില്‍ ലഡ്ഡു വിതരണം ചെയ്യുന്നതില്‍ നിന്ന് സമൂഹത്തിന് എന്തു സന്ദേശമാണ് കൊടുക്കാന്‍ ശ്രമിക്കുന്നതെന്നും ഷബാന ചോദിക്കുന്നു. 'സ്ത്രീ ശക്തിയെ വാഴ്ത്തുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ട്. പക്ഷേ അവർ നിസഹായരായി നോക്കി നില്‍ക്കുന്നു'-ഷബാന പറഞ്ഞു.
സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കും വിധത്തില്‍ മറ്റുചില ഘടകങ്ങളും ഈ സംഭവങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിര്‍ഭയ കേസില്‍ ഉടലെടുത്ത പ്രതിഷേധങ്ങളെ മുന്‍നിര്‍ത്തി ഷബാന പറഞ്ഞു. ബില്‍ക്കീസ് കേസ് വന്നപ്പോള്‍ മാത്രം എന്തുകൊണ്ടാണ് ഈ നിശബ്ദതയെന്നും ഷബാന ചോദിക്കുന്നു. സിനിമാ ലോകത്തുളളവരും ഇതിനെതിരെ ശബ്ദം ഉയര്‍ത്തേണ്ടതല്ലേ എന്ന ചോദ്യത്തിന് കേസില്‍ ഇപ്പോഴും അവ്യക്തത ഉണ്ടെന്നും ഇത്തരത്തിലുളള ചോദ്യം നിയമസഭയ്ക്ക് നേരെയാണ് ഉയര്‍ത്തേണ്ടതെന്നും ഷബാന പറഞ്ഞു.
'ഇപ്പോഴും നടന്നതൊന്നും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എത്ര വലിയ അനീതിയാണ് നടന്നതെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രതികളെ മോചിപ്പിച്ച സന്തോഷത്തില്‍ ലഡ്ഡു വിതരണം ചെയ്യുന്നതില്‍ നിന്ന് സമൂഹത്തിന് എന്തു സന്ദേശമാണ് കൊടുക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീ ശക്തിയെ വാഴ്ത്തുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ട്. പക്ഷേ നിസഹായരായി നോക്കി നില്‍ക്കുന്നു'-ഷബാന പറഞ്ഞു. ഷബാനയുടെ ഭര്‍ത്താവും എഴുത്തുകാരനുമായ ജാവേദ് അക്തറും ഇതിനെതിരെ രംഗത്തു വന്നിരുന്നു.
'അഞ്ചു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീയെ പീഡിനത്തിന് ഇരയാക്കി, മൂന്നു വയസ്സ് പ്രായമുളള അവരുടെ മകളെ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ പ്രതികളെ മോചിപ്പിച്ചിരിക്കുന്നു. അവരെ മധുരം നല്‍കി സ്വീകരിക്കുന്നു. ചിന്തിച്ചു നോക്കൂ, ഈ സമൂഹത്തിന് എന്തോ പ്രശ്‌നമില്ലേ?'-ജാവേദ് ട്വിറ്ററില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.