ഉദ്ഘാടനത്തിന് പിന്നാലെ പുതിയ പാമ്പൻ പാലത്തിന് സാങ്കേതിക തകരാർ; കപ്പൽ കടന്നുപോകാനായി ഉയർത്തിയ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താനായില്ല
text_fieldsചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ പാലത്തിന് ഉദ്ഘാടനത്തിന് പിന്നാലെ സങ്കേതിക തകരാർ. കപ്പൽ കടന്നുപോകാനായി ഉയർത്തിയ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താനാവാത്തത് അധികൃതരെ കുഴച്ചു. അടിയന്തര അറ്റകുറ്റപ്പണിയിലൂടെ പ്രശ്നം പരിഹരിച്ചെങ്കിലും കൂടുതൽ പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചതിനു പിന്നാലെയാണ് തകരാർ റിപ്പോർട്ട് ചെയ്തത്.
പാലത്തിലൂടെയുള്ള രാമേശ്വരം-താംബരം (ചെന്നൈ) എന്ന പുതിയ ട്രെയിൻ സർവിസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് തീരസംരക്ഷണ സേനയുടെ ചെറുകപ്പൽ കടന്നുപോകാനായി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തുകയും ചെയ്തു. എന്നാൽ കപ്പൽ കടന്നുപോയ ശേഷം ലിഫ്റ്റ് സ്പാൻ താഴ്ത്താൻ കഴിഞ്ഞില്ല.

550 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച പുതിയ പാലം ഇന്ത്യയിലെ ആദ്യത്തെ ലംബ സീ ലിഫ്റ്റ് പാലമാണ്. 2.08 കിലോമീറ്റർ രൂരമുള്ള പാലത്തിൽ 99 സ്പാനുകളും 72.5 മീറ്റർ നീളമുള്ള ലംബ ലിഫ്റ്റ് സ്പാനും ഉൾപ്പെടുന്നു. ഇതുപയോഗിച്ച് പാലം 17 മീറ്റർ വരെ ഉയർത്താൻ കഴിയും. ഇത് വലിയ കപ്പലുകളുടെ സുഗമമായ കടന്നുപോകലിനും തടസ്സമില്ലാത്ത ട്രെയിൻ പ്രവർത്തനങ്ങൾക്കും സഹായമാകും.
രാജ്യമെമ്പാടുമുള്ള ഭക്തർ വർഷം മുഴുവനും എത്തുന്ന തീർഥാടന കേന്ദ്രമാണ് രാമേശ്വരം. പുതിയ പാലം കമീഷൻ ചെയ്തതോടെ മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ രാമേശ്വത്തുനിന്ന് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിട്ടുനിന്ന ഉദ്ഘാന ചടങ്ങിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, സംസ്ഥാന ധനമന്ത്രി തങ്കം തെന്നരസു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.