റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
text_fieldsപട്ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് മൊബൈൽ ഗെയിം കളിക്കുന്നതിനിടെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യമുണ്ടായത്. നർഗാതിഗഞ്ച്-മുസാഫർപൂർ റെയിൽവേ സെക്ഷനിൽ മാൻസയിലെ റോയൽ സ്കൂളിന് സമീപമാണ് സംഭവം.
മൂന്ന് കുട്ടികളും ഇയർഫോൺ ഉപയോഗിച്ചിരുന്നു. ഇത് മൂലം ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. ഇതാണ് അപകടത്തിനും വലിയ ദുരന്തത്തിനും കാരണമായത്. അപകടത്തെ സംബന്ധിച്ച് റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയായതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ റെയിൽവേയുടെ പ്രതികരണം പുറത്ത് വരിക.
ഫുക്റാൻ അലം, മനീഷ് തോള, സമീർ അലം എന്നിവരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടി. പോസ്റ്റ്മാർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി കുടുംബാംഗങ്ങൾ സ്വന്തം ഗ്രാമങ്ങളിലേക്ക് കൊണ്ടു പോയി.
അപകടത്തിന് പിന്നാലെ റെയിൽവേ പൊലീസിലെ സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ദീപ് സംഭവസ്ഥലം സന്ദർശിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ ട്രാക്കിലിരുന്ന് മൊബൈലിൽ ഗെയിം കളിക്കുന്നതും പാട്ട് കേൾക്കുന്നതുമെല്ലാം ഒഴിവാക്കണമെന്നും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് ശ്രദ്ധ വേണമെന്നും റെയിൽവേയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.