ഐ.ഐ.എസ്.സിയിൽ ടീസ്റ്റയെ തടഞ്ഞു; ഫാക്കൽറ്റി അംഗങ്ങൾ ഇടപെട്ട് പിന്നീട് പ്രഭാഷണത്തിന് അവസരമൊരുക്കി
text_fieldsബംഗളൂരു: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ് സി) അധികൃതർ തടഞ്ഞു. ഐ.ഐ.എസ് സി കാമ്പസിലെ സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ (സി.സി.ഇ) ലെക്ചർ ഹാളിൽ ‘ബ്രേക്ക് ദ സൈലൻസ്’ വിദ്യാർഥി കൂട്ടായ്മ ‘സാമുദായിക സൗഹാർദവും നീതിയും’ വിഷയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രഭാഷണത്തിനെത്തിയതായിരുന്നു ടീസ്റ്റ.
ഐ.ഐ.എസ് സിയിൽ തനിക്ക് നേരിട്ട ദുരനുഭവം ടീസ്റ്റ പിന്നീട് സമൂഹമാധ്യമത്തിൽ വിഡിയോ സന്ദേശത്തിൽ പങ്കുവെച്ചു. ഐ.ഐ.എസ് സിയുടെ കവാടത്തിൽ തന്നെ തടഞ്ഞെന്നും യോഗം റദ്ദാക്കാനുള്ള തീരുമാനം അവസാന നിമിഷമാണ് അധികൃതർ കൈക്കൊണ്ടതെന്ന് കരുതുന്നതായും ടീസ്റ്റ പറഞ്ഞു.
ഫാക്കൽറ്റി അംഗങ്ങൾ നടത്തിയ ഇടപെടലിനെ തുടർന്ന് ഒരു മണിക്കൂറിനുശേഷം യോഗം മറ്റൊരിടത്ത് നടത്താൻ അധികൃതർ അനുമതി നൽകി. ഹാളിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ അധ്യാപകരും വിദ്യാർഥികളും കാമ്പസിലെ കാന്റീൻ പരിസരത്തെ ഗാർഡനിലാണ് യോഗം സംഘടിപ്പിച്ചത്. ടീസ്റ്റ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ഓഡിറ്റോറിയത്തിൽ പരിപാടിക്ക് അനുമതി തേടി ഒരാഴ്ച മുമ്പേ ഐ.ഐ.എസ് സി അധികൃതർക്കും രജിസ്ട്രാർക്കും ഇ-മെയിൽ അയച്ചിരുന്നതായും ഇതിന് ഔദ്യോഗിക പ്രതികരണമൊന്നും നൽകിയില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.