അഹമ്മദ് പട്ടേലിനൊപ്പം ചേർന്ന് ടീസ്റ്റ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ഗുജറാത്ത് പൊലീസ്
text_fieldsഅഹ്മദാബാദ്: അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിർദേശപ്രകാരം ഗുജറാത്തിലെ ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദെന്ന് ഗുജറാത്ത് പൊലീസ്. 2002 ലെ ഗുജറാത്ത് വംശഹത്യക്ക് പിന്നാലെയാണ് ഈ ഗൂഢാലോചന നടന്നതെന്നും ടീസ്റ്റയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഗുജറാത്ത് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകി.
"ഗുജറാത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പിരിച്ചുവിടുകയോ അസ്ഥിരപ്പെടുത്തുകയോ ആയിരുന്നു ഈ വലിയ ഗൂഢാലോചന നടത്തുമ്പോൾ ടീസ്റ്റയുടെ രാഷ്ട്രീയ ലക്ഷ്യം. നിരപരാധികളെ പ്രതികളാക്കാനുള്ള അവരുടെ നീക്കത്തിന് പ്രതിഫലമായി എതിർരാഷ്ട്രീയ പാർട്ടിയിൽ നിന്ന് സാമ്പത്തികമടക്കമുള്ള ആനുകൂല്യങ്ങൾ നിയമവിരുദ്ധമായി നേടി" -ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അഹമ്മദാബാദ് സെഷൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
അന്തരിച്ച അഹമ്മദ് പട്ടേലിന്റെ നിർദേശപ്രകാരമാണ് ഗൂഢാലോചന നടന്നതെന്ന് സാക്ഷി മൊഴി ഉദ്ധരിച്ച് എസ്ഐടി പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം പട്ടേലിന്റെ നിർദേശപ്രകാരം ടീസ്റ്റ 30 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. 2002ലെ ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുകൾ ചമച്ചുവെന്നാരോപിച്ചാണ് ടീസ്റ്റയെയയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ബി.ജെ.പി സർക്കാരിലെ മുതിർന്ന നേതാക്കളുടെ പേരുകൾ കലാപ കേസുകളിൽ ഉൾപ്പെടുത്താൻ ഡൽഹിയിൽ അധികാരത്തിലിരുന്ന പ്രമുഖ ദേശീയ പാർട്ടിയുടെ നേതാക്കളെ ടീസ്റ്റ കാണാറുണ്ടായിരുന്നുവെന്ന് എസ്ഐടി സത്യവാങ്മൂലത്തിൽ ആരോപിച്ചു. തന്നെ രാജ്യസഭാംഗം ആക്കാത്തതെന്തെന്ന് 2006ൽ ഒരു കോൺഗ്രസ് നേതാവിനോട് ടീസ്റ്റ ചോദിച്ചതായും പൊലീസ് പറയുന്നു. ടീസ്റ്റക്കെതിരായ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും അവരെ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചേക്കാമെന്നും എസ്ഐടി ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പറഞ്ഞു. .
അഡീഷണൽ സെഷൻസ് ജഡ്ജി ഡിഡി തക്കർ എസ്ഐടിയുടെ മറുപടി രേഖപ്പെടുത്തി ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാ അടക്കമുള്ളവർക്കും നൽകിയ ക്ലീൻ ചിറ്റ് സുപ്രീം കോടതി ശരിവച്ചതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ മാസം സംസ്ഥാന പോലീസ് ടീസ്റ്റ സെറ്റൽവാദിനെ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 468 (വ്യാജരേഖ ചമയ്ക്കൽ), 194 (കെട്ടിച്ചമയ്ക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.