'തേജസ്വി ഇളയ സഹോദരനെ പോലെ'; ആർ.ജെ.ഡിയുമായി കൈകോർക്കുന്നതിെൻറ സൂചന നൽകി ചിരാഗ്
text_fieldsന്യൂഡൽഹി: പാർട്ടിയിൽ നടക്കുന്ന പൊട്ടിത്തെറികൾക്കിടയിലും ബി.ജെ.പി മൗനം പാലിക്കുന്നതിനിടെ തേജസ്വി യാദവിെൻറ രാഷ്ട്രീയ ജനതാദളുമായി (ആർ.ജെ.ഡി) അടുക്കുന്നതിെൻറ സൂചന നൽകി ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) നേതാവ് ചിരാഗ് പാസ്വാൻ.
'എെൻറ പിതാവും ലാലുജിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ എനിക്ക് കുട്ടിക്കാലം മുതൽ അറിയാം. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അവൻ എനിക്ക് ഇളയ സഹോദരനെ പോലെയാണ്. ബിഹാറിൽ തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് സഖ്യ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും' -ചിരാഗ് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിൽ എൻ.ഡി.എയുടെ ഭാഗമായ എൽ.ജെ.പി ബിഹാറിൽ ഭരണം കൈയാളുന്ന ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനൊപ്പമില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സഖ്യം ഉപേക്ഷിച്ച ചിരാഗ് ഒറ്റക്കായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നിതീഷിനെതിരെ വോട്ട് ചെയ്യാൻ അഭ്യർഥിച്ച ചിരാഗ് പക്ഷേ ബി.ജെ.പിയെ പിന്തുണച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ എൽ.ജെ.പിക്ക് ആകെ ഒരു സീറ്റ് മാത്രമാണ് നേടാനായത്.
ജെ.ഡി.യുവിന് നാശം വരുത്തി ബി.ജെ.പിക്ക് കൂടുതൽ സീറ്റ് നേടിക്കൊടുക്കുകയായിരുന്നു തെൻറ ലക്ഷ്യമെന്നും 2025ൽ എൽ.ജെ.പി നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം ചിരാഗ് പറഞ്ഞത്.
പാർട്ടിയിൽ പിതാവിെൻറ സഹോദരൻ പശുപതി പരാസുമായുള്ള അധികാര വടംവലി രൂക്ഷമായതിന് പിറകേ ബി.ജെ.പി തനിക്കൊപ്പമാണോ അതോ ജെ.ഡി.യുവിനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് ചിരാഗ് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം ആദ്യം എൽ.ജെ.പി എം.പിമാർ ചിരാഗിനെ മാറ്റി പാർട്ടി സ്ഥാപകൻ റാം വിലാസ് പാസ്വാെൻറ സഹോദരൻ പശുപതി പരാസിനെ പാർട്ടിയുടെ പാർലമെൻററി പാർട്ടി നേതാവായി നിയമിച്ചതോടെയാണ് കലഹം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.