"ജീവനുള്ള കാലത്തോളം മുസ്‌ലിംകളുടെ അവകാശങ്ങൾ ആരും കവർന്നെടുക്കില്ല"; നിതീഷിനെയും ഹിമന്തയെയും രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ്
text_fieldsപാറ്റ്ന: അസം നിയമസഭയിൽ ജുമുഅ നമസ്കാരത്തിനായുള്ള ഇടവേള ഒഴിവാക്കിയ സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും രൂക്ഷമായി വിമർശിച്ച് ബീഹാർ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവുമായ തേജസ്വി യാദവ്.
തരംതാഴ്ന്ന ജനപ്രീതിക്കുള്ള ശ്രമമാണ് അസം മുഖ്യമന്ത്രിയുടേതെന്നും ബി.ജെ.പി മുസ്‌ലിംകളെ എല്ലാ തരത്തിലും പീഡിപ്പിക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും തേജസ്വി തുറന്നടിച്ചു.
ബി.ജെ.പിക്കൊപ്പം നിൽക്കുന്ന നിതീഷ് കുമാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഞങ്ങളുടെ ഭരണകാലത്ത് ഇങ്ങനെ ഒരു ദുരവസ്ഥ ന്യൂനപക്ഷങ്ങൾക്ക് വരില്ലെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു.
ഏതെങ്കിലും തരത്തിൽ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാനും സമൂഹത്തിൽ വിദ്വേഷം പടർത്താനും ബി.ജെ.പിക്കാരുടെ ശ്രമം. ഇവിടെ ഒരു ബി.ജെ.പി എം.എൽ.എയും മന്ത്രിയും നിയമസഭയിൽ കുരങ്ങിനെപ്പോലെ ചാടിവീണിരുന്നു. മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയുമെന്ന് പറഞ്ഞ്. തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരാൾക്കും മുസ്‌ലിംകളുടെ അവകാശങ്ങൾ ആർക്കും കവർന്നെടുക്കാൻ കഴിയില്ലെന്നും തേജസ്വി തുറന്നടിച്ചു.
നിതീഷ് എൻഡിഎക്കൊുപ്പം ചേർന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറിൽ നിറയുകയാണ് തേജസ്വി.
വിശ്വാസികളായ നിയമസാമാജികർക്കും മറ്റും ജുമുഅ നമസ്കാരത്തിന് സൗകര്യപ്പെടുന്ന വിധം വെള്ളിയാഴ്ച ഉച്ച 12 മുതൽ രണ്ടുവരെ നിയമസഭക്ക് ഇടവേള അനുവദിച്ചിരുന്നതാണ് അസം സർക്കാർ നിർത്തിയത്. ലോക്സഭയിലോ രാജ്യസഭയിലോ മറ്റു നിയമസഭകളിലോ ഇത്തരത്തിൽ ജുമുഅ നമസ്കാരത്തിനായി ഇടവേള അനുവദിക്കാറില്ലെന്ന വാദമുയർത്തിയാണ് നിർത്തിയത്. ബ്രിട്ടീഷ്‍കാലം മുതലുള്ള നിയമമാണ് മാറ്റിയത്. നിയമസഭ സ്പീക്കർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതരക്കാണ് അസം നിയമസഭ സമ്മേളനം തുടങ്ങുക. എന്നാൽ, വെള്ളിയാഴ്ച ഒമ്പത് മണിക്ക് സമ്മേളനം തുടങ്ങും. ഇടവേള ഒഴിവാക്കിയതോടെ ഇനി എല്ലാ ദിവസവും ഒമ്പതരക്കാവും സമ്മേളനം തുടങ്ങുക. നേരത്തെ 2023 ഡിസംബറിൽ രാജ്യസഭയിൽ ജുമുഅ നമസ്കാരത്തിനായി അനുവദിച്ചിരുന്ന 30 മിനിറ്റ് ഇടവേള ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.