തേജസ്വി യാദവിനെ ലാലുവിന്‍റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് ആർ.ജെ.ഡി
text_fieldsപാറ്റ്ന: ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ പിൻഗാമിയായി മകൻ തേജസ്വി യാദവിനെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ അജണ്ട തീരുമാനിക്കുന്നതിന് തേജസ്വിക്ക് പൂർണ അധികാരം നൽകിയെന്ന് പാർട്ടി അറിയിച്ചു.
ഭാവിയിൽ പാർട്ടിയുടെ എല്ലാ നയപരമായ തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് തേജസ്വി യാദവിന് പൂർണ അധികാരം നൽകിയതായി ആർ.ജെ.ഡി നേതാക്കളും എം.എൽ.എമാരും ചൊവ്വാഴ്ച വൈകീട്ട് പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ജാതി സെൻസ് വിഷയത്തിൽ സർവകക്ഷി യോഗം ചേരുന്നതിന് മുന്നോടിയായുള്ള സുപ്രധാന തീരുമാനമാണിത്. ലാലു പ്രസാദ് യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ആർ.ജെ.ഡി നിയമസഭാകക്ഷി യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
ഇതുവരെ തേജസ്വി യാദവുമായി കൂടിയാലോചിച്ച ശേഷം ലാലു പ്രസാദ് യാദവ് തന്നെയാണ് രാജ്യസഭയിലേക്കും ലോക്സഭയിലേക്കും സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇനിമുതൽ പിതാവിന്‍റെ അംഗീകാരമില്ലാതെ തന്നെ തേജസ്വിക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടി അംഗീകാരം നൽകി.
പാർട്ടി അജണ്ടയിൽ തീരുമാനമെടുക്കാൻ എം.എൽ.എമാർ ഒരുമിച്ച് തേജസ്വിക്ക് അധികാരം നൽകിയിട്ടുണ്ട്. നേതൃത്വത്തിന്‍റെ ഉപദേശം തങ്ങൾ സ്വീകരിക്കുമെന്നും മുതിർന്ന ആർ.ജെ.ഡി നേതാവ് ഉദയ് നാരായൺ ചൗധരി പറഞ്ഞു. മാറ്റവുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്ത് തർക്കങ്ങളൊന്നുമില്ലെന്നും തീരുമാനത്തെ പാർട്ടിയിലെ എല്ലാവരും ഒരുപോലെ പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.