'ബി.ജെ.പിയുടെ വാക്ക് കേട്ട് ജനങ്ങൾ പൊട്ടിച്ചിരിക്കുകയാണ്'; സ്വാതന്ത്ര്യം ലഭിച്ചത് 1977ലെന്ന ബി.ജെ.പി അധ്യക്ഷന്‍റെ പരാമർശത്തെ പരിഹസിച്ച് തേജസ്വി യാദവ്
text_fieldsപട്ന: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ജനതാ പാർട്ടി അധികാരത്തിലെത്തിയ 1977ലാണെന്ന ബിഹാർ ബി.ജെ.പി അധ്യക്ഷന്‍റെ പരാമർശത്തെ പരിഹസിച്ച് ആർ.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഇത്തരം അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും എന്നാൽ ഇത് കേട്ട് ഇന്ന് ജനങ്ങൾ ചിരിക്കുകയാണെന്നും യാദവ് കൂട്ടിച്ചേർത്തു.
" രാജ്യത്തെ എല്ലാവരും ആഗസ്റ്റ് 15ന് തന്നെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. അന്നേ ദിവസം തന്നെയാണ് ബി.ജെ.പിയും പതാകയുയർത്തുന്നത്. ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ നിശബ്ദദത പാലിച്ച് അനാവശ്യകാര്യങ്ങളെ മാത്രമാണ് പാർട്ടി ചർച്ചയാക്കാൻ ശ്രമിക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ പരാമർശങ്ങൾ കേട്ടാൽ ഇന്ന് ജനങ്ങൾ വരെ പൊട്ടിച്ചിരിക്കും" യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ ഇത്തരം പരാമർശങ്ങൾക്ക് താൻ വിലകൊടുക്കാറില്ലെന്നും സ്വാതന്ത്ര്യത്തെ കുറിച്ച് പോലും അറിവില്ലാത്ത ഒരാൾ എത്രത്തോളം നിയമവിരുദ്ധമാണെന്നാണ് വ്യക്തമാക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പരാമർശം.
ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ വിപ്ലവത്തിന് ശേഷം 1977ലാണ് ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു ബി.ജെ.പി ബിഹാർ അധ്യക്ഷൻ സാമ്രാട്ട് ചൗധരിയുടെ പരാമർശം. 1947ൽ ബ്രിട്ടീഷുകാർ രാജ്യം വിടുകയും പുതിയ ബ്രിട്ടീഷുകാർക്ക് ഭരണം കൈമാറുകയുമായിരുന്നു. നമ്മൾ രാമന്‍റെയും ചന്ദ്രഗുപ്ത മൗര്യന്‍റെയും പിൻഗാമികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാജ്യത്തിന് 1947ൽ സ്വാതന്ത്രം ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. പക്ഷേ ബ്രിട്ടീഷുകാർ രാജ്യം വിട്ട് പുതിയ ബ്രിട്ടീഷുകാർക്ക് ചുമതല നൽകിയതിനാൽ അതിനെ യഥാർത്ഥ സ്വാതന്ത്ര്യമെന്ന് വിലയിരുത്താൻ എനിക്ക് പ്രയാസമുണ്ട്. ജയപ്രകാശ് നാരായണൻ ആരംഭിച്ച സമ്പൂർണ ക്രാന്തിക്ക് (സമ്പൂർണ വിപ്ലവം) ശേഷം പുതിയ സർക്കാർ രൂപീകരിച്ച 1977ലാണ് ഇന്ത്യക്ക് പൂർണമായും സ്വാതന്ത്ര്യം ലഭിച്ചത്. എന്നെ സംബന്ധിച്ച് ബ്രാഹ്മണർ പണ്ട് കാലത്ത് ശ്രേഷ്ഠരായിരുന്നു. ഭാവിയിലും അവർ ശ്രേഷ്ഠരായി തന്നെ തുടരും. നമ്മൾ രാമന്‍റെയും ചന്ദ്രഗുപ്ത മൗര്യയുടെയും പിൻഗാമികളാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ ശേഷം മാത്രമേ എന്‍റെ തലക്കെട്ട് അഴിക്കുകയുള്ളൂവെന്ന് ഞാൻ പ്രതിജ്ഞ ചെയ്തിട്ടുണ്ട്" - അദ്ദേഹം പറഞ്ഞു. അടിയന്താരവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി സർക്കാരിനെ താഴെയിറക്കുകയും 1977ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിലെത്തുകയുമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചൗധരിയുടെ പരാമർശം.
വികസനത്തിന്‍റെ കാര്യത്തിൽ യു.പി മുന്നിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ബിഹാറിൽ നടന്ന ടീച്ചേഴ്സ് റിക്രൂട്ടമെന്‍റ് ടെസ്റ്റിൽ യു.പിയിൽ നിന്നുള്ളവരാണ് കൂടുതലുണ്ടായിരുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു. യു.പിയിലെ ബി.ജെ.പി സർക്കാർ ഹിന്ദു മുസ്ലിം വിഭാഗീയത സൃഷ്ടിക്കുന്നതിന്‍റെ തിരക്കിലാണെന്നും ജനങ്ങൾക്ക് ജോലി നൽകേണ്ട കാര്യം അവർ മറന്നിരിക്കുന്നുവെന്നും യാദവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.