ഒമ്പത് ദിവസത്തിനിടെ തകർന്നത് അഞ്ച് പാലങ്ങൾ; നിതീഷ് കുമാറിനെ പരിഹസിച്ച് തേജസ്വി യാദവ്
text_fieldsപാട്ന: ബിഹാറിൽ ഒമ്പത് ദിവസത്തിനുള്ളിൽ അഞ്ച് പാലങ്ങൾ തകർന്നതിൽ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. മധുബാനിക്കും സുപോളിനും ഇടയിലുള്ള ഭൂതാഹി നദിയിലെ പാലം തകർന്നതിന്റെ ചിത്രസഹിതം പങ്കുവെച്ചാണ് തേജസ്വിയുടെ വിമർശനം. ''ഒമ്പത് ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്. ഭൂതാഹി നദിയിൽ വർഷങ്ങളായി നിർമാണത്തിലിരുന്ന പാലമാണിത്.
പാലം തകരാനുള്ള കാരണം നിങ്ങൾ കണ്ടെത്തിയോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കണോ?-എന്നാണ് തേജസ്വി യാദവ് ചോദിച്ചത്. രണ്ടുവർഷത്തിലേറെയായി പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. 75 മീറ്റർ നീളമുള്ള പാലത്തിന്റെ തൂണുകളിലൊന്ന് ഒലിച്ചുപോയതായാണ് റിപ്പോർട്ട്. മൂന്നുകോടിയാണ് പാലത്തിന്റെ നിർമാണ ചെലവ്. കഴിഞ്ഞയാഴ്ച അരാരിയ, സിവാൻ, കിഴക്കൻ ചമ്പാരൻ ജില്ലകളിൽ പാലം തകർന്നിരുന്നു. ബുധനാഴ്ച കിഷൻഗഞ്ചിലെ 13 വർഷം പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.തുടർന്ന് 40,000 ആളുകൾ ഒറ്റപ്പെട്ടു.
2011ൽ മുഖ്യമന്ത്രി ഗ്രാമസഡക് യോജനയുടെ കീഴിൽ 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച 70 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നു.
ജൂൺ 23 ന് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ നിർമിച്ച പശ്ചിമ ചമ്പാരൻ ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം കോൺക്രീറ്റ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം തകർന്നു. ജൂൺ 22 ന് സിവാൻ ജില്ലയിലെ മഹാരാഗഞ്ച് ബ്ലോക്കിൽ ഗണ്ഡക് നദിയുടെ ഒരു നദിക്ക് കുറുകെയുള്ള ഒരു ചെറിയ പാലം പെട്ടെന്നുള്ള നീരൊഴുക്ക് കാരണം തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.