വഖഫ് ബോർഡ് ഭൂമി ഏറ്റെടുത്തതിനു പിന്നാലെ കർഷകൻ ജീവനൊടുക്കി; വ്യാജ വാർത്ത പ്രചരിപ്പിച്ച കർണാടക ബി.ജെ.പി എം.പിക്കെതിരെ കേസ്
text_fieldsബംഗളൂരു: സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയിലെ ബി.ജെ.പി എം.പി തേജസ്വി സൂര്യക്കും വാർത്ത പ്രസിദ്ധീകരിച്ച കന്നഡ വാർത്ത പോർട്ടലിന്റെ എഡിറ്റർമാർക്കും എതിരെ പൊലീസ് കേസെടുത്തു. തെറ്റായ പ്രചാരണം വഴി രണ്ടു സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിന് ഭാരതീയ ന്യായ് സംഹിത 353(2) പ്രകാരമാണ് കേസ്.
2022ൽ കർഷകൻ ആത്മഹത്യ ചെയ്തത് കടക്കെണിയും വിളനാശം മൂലവുമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഹാവേരി പൊലീസിന്റെ സാമൂഹിക മാധ്യമ ചുമതലയുള്ള പൊലീസ് കോൺസ്റ്റബിൾ സുനിൽ ഹചാവനവറിന്റെ പരാതിയിലാണ് നടപടി.
വഖഫ് ബോർഡ് തന്റെ ഭൂമി ഏറ്റെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹാവേരിയിലെ കർഷകൻ ജീവനൊടുക്കി എന്നാണ് നവംബർ ഏഴിന് സാമൂഹിക മാധ്യമം വഴി ബി.ജെ.പി എം.പി പ്രചരിപ്പിച്ചത്. എം.പിയുടെ ആരോപണം വാർത്തയായി കന്നഡ ദുനിയ ഇ പേപ്പറും കന്നഡ ന്യൂസ് ഇ പേപ്പറും പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഏക്കറു കണക്കിനു വരുന്ന തന്റെ ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഹറനഗി ഗ്രാമത്തിലെ രുദ്രപ്പ എന്ന് പേരുള്ള കർഷകനാണ് ജീവനൊടുക്കിയതെന്നാണ് വാർത്തയിൽ സൂചിപ്പിച്ചത്. എന്നാൽ വാർത്തയും സാമൂഹിക മാധ്യമത്തിലെ റിപ്പോർട്ടുകളും പരിശോധിച്ചപ്പോൾ കർഷകൻ മരിച്ചത് 2022ലാണെന്നും വലിയ കടബാധ്യതയും വിളനാശവുമാണ് അതിലേക്ക് നയിച്ചതെന്നും കണ്ടെത്തി. മാത്രമല്ല, വായ്പ കുടിശ്ശികയെ തുടർന്ന് കർഷകനെതിരെ ഹാവേരിയിലെ അടൂർ പൊലീസ് കേസ് 2022 ജനുവരി ആറിന് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾ വഴി സംസ്ഥാനത്ത് സാമുദായിക കലാപത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ ആരോപിച്ചിരുന്നു. വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയതോടെ എം.പി പോസ്റ്റ് നീക്കം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.