തേജസ്വി 'തണുപ്പിച്ചു'; ഗ്രാജ്വേറ്റ് ചായ് വാലിയിൽ നിന്ന് ഇനി ചൂടുള്ള ചായ കുടിക്കാം
text_fieldsപട്ന: ബിഹാറിൽ 'ഗ്രാജ്വേറ്റ് ചായ് വാലി' എന്ന പേരിൽ പ്രശസ്തമായ പ്രിയങ്ക ഗുപ്തയുടെ ചായക്കട പുനഃസ്ഥാപിച്ചു നൽകി പട്ന മുനിസിപ്പൽ കോർപറേഷൻ. കൈയേറ്റ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി മുനിസിപ്പൽ കോർപറേഷൻ കട നീക്കം ചെയ്തിരുന്നു. വ്യാഴാഴ്ച ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെയും കണ്ട് ഇവർ ചായക്കട പുനഃസ്ഥാപിക്കാൻ സഹായം അഭ്യർഥിച്ചു. തുടർന്ന് തേജസ്വി യാദവ് ഇടപെട്ടാണ് കട പുനഃസ്ഥാപിച്ചത്.
ബിഹാറിലെ പൂർണിയ ജില്ലയിൽ നിന്നുള്ള പ്രിയങ്ക ഗുപ്ത വരാണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിൽനിന്ന് കൊമേഴ്സിൽ ബിരുദം നേടിയിരുന്നു. മാസങ്ങളോളം ശ്രമിച്ചിട്ടും സർക്കാർ ജോലി കിട്ടാതെ വന്നപ്പോഴാണ് ചായക്കട തുടങ്ങിയത്. ശേഷം ഗ്രാജ്വേറ്റ് ചായ് വാലി എന്ന ചായക്കടയും പ്രിയങ്ക ഗുപ്തയും ഏറെ പ്രശസ്തി നേടിയിരുന്നു. തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ട, ഭോജ്പുരി ചലച്ചിത്ര താരം അക്ഷര സിംഗ് തുടങ്ങി പല സിനിമാ താരങ്ങളും ഇവിടെ ചായ കുടിക്കാൻ എത്തിയത് വാർത്തയായിരുന്നു.
ചായക്കട സ്ഥാപിക്കാനുള്ള ലൈസൻസുണ്ടായിട്ടും നഗരസഭ സ്റ്റാൾ കണ്ടുകെട്ടുകയായിരുന്നെന്നാണ് പ്രിയങ്ക പറയുന്നത്. പ്രിയങ്കയുടെ സ്റ്റാൾ നേരത്തെ നീക്കം ചെയ്തിരുന്നെങ്കിലും അവർ വീണ്ടും അതേ സ്ഥലത്ത് സ്റ്റാൾ വെച്ചതിനാലാണ് നീക്കം ചെയ്യേണ്ടി വന്നതെന്നാണ് മുനിസിപ്പൽ അധികൃതർ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.