ബംഗളൂരുവിൽ വാക്സിൻ വിതരണത്തിലും അഴിമതിയാരോപണം; ബി.ജെ.പി എം.പി തേജസ്വി സൂര്യയും എം.എൽ.എ രവിയും വിവാദത്തിൽ
text_fieldsബംഗളൂരു: കോവിഡ് രോഗികൾക്ക് കിടക്ക അനുവദിക്കുന്നതിലെ അഴിമതി ആരോപണത്തിന് പിന്നാലെ ബംഗളൂരുവിൽ സർക്കാർ ആശുപത്രികളിലേക്കുള്ള വാക്സിൻ തിരിമറി ചെയ്ത് സ്വകാര്യ ആശുപത്രിയിലൂടെ വിതരണം ചെയ്യുന്നതായി ആരോപണം. സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ബി.ജെ.പി. എം.എല്‍.എയും തേജസ്വി സൂര്യയുടെ അമ്മാവനുമായ രവി സുബ്രമണ്യം കമ്മീഷന്‍ വാങ്ങുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ വെങ്കടേഷ് ബസവനഗുഡി പൊലീസില്‍ പരാതി നല്‍കി.
ഒരു ഡോസിന് എം.എല്‍.എ. 700 രൂപ കമ്മീഷന്‍ വാങ്ങുന്നുവെന്നുവെന്നാണ് പരാതി. പണം ഈടാക്കി സ്വകാര്യ ആശുപത്രിയിലൂടെ വാക്സിൻ നൽകുന്നതിന് പിന്നിൽ ബി.ജെ.പി നേതാക്കളായ തേജസ്വി സൂര്യ എം.പിയും ബസവനഗുഡി എം.എൽ.എ രവി സുബ്രഹ്മണ്യവുമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിക്കാൻ തേജസ്വി സൂര്യയും രവി സുബ്രഹ്മണ്യവും പ്രചരണം നടത്തുന്നതായാണ് ആരോപണം. എം.എല്‍.എ രവി സുബ്രഹ്മണ്യം കമ്മീഷന്‍ വാങ്ങുന്നുവെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. സാമൂഹികപ്രവര്‍ത്തകനും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
900 രൂപയാണ് വാക്സിനെടുക്കാൻ എന്നും ഇതിൽ 700 രൂപ എം.എൽ.എക്ക് കമീഷനായി നൽകണമെന്നുമാണ് ആശുപത്രിയിലെ ജീവനക്കാർ ഫോണിലൂടെ പറയുന്നത്. എന്നാല്‍, അഴിമതി ആരോപണം രവി സുബ്രമണ്യം നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ കിട്ടാതെ ആളുകൾ കോവിഡ് ബാധിച്ച് മരിക്കുമ്പോൾ ബി.ജെ.പി നേതാക്കൾ അവരുടെ ദുരിതം കൊണ്ട് ലാഭമുണ്ടാക്കുകയാണെന്നും സംഭവം ഞെട്ടിക്കുന്നതാണെന്നും കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും അയോഗ്യരാക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖെര ആവശ്യപ്പെട്ടു.
ആരോപണം വളരെ ഗൗരവമുള്ളതാണെന്നും സ്വമേധയാ കേസെടുത്ത് ഹൈകോടതിയടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും എം.എൽ.എയെ സ്പീക്കർ അയോഗ്യനാക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. തേജസ്വി സൂര്യ എം.പി. സ്വകാര്യ ആശുപത്രികളില്‍ പണം കൊടുത്തുള്ള വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുകയാണെന്നും സർക്കാരിെൻറ കൈവശമുള്ള വാക്സിൻ സ്വകാര്യ ആശുപത്രികളിലേക്ക് മറിച്ചുകൊടുത്ത് ബി.ജെ.പി നേതാക്കൾ അഴിമതി നടത്തുകയാണെന്നും ശിവകുമാർ പറഞ്ഞു. ബി.ബി.എം.പി വാർ റൂമിലെ മുസ് ലിം യുവാക്കൾക്കെതിരെ ആരോപണം ഉന്നയിച്ച് വിവാദത്തിലായതിന് പിന്നാലെയാണ് തേജസ്വി സൂര്യക്കെതിരെ വീണ്ടും ആരോപണം ഉയരുന്നത്. കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതിലെ അഴിമതിയില്‍ ബി.ജെ.പി. എം.എല്‍.എ. സതീഷ് റെഡ്ഡിയുടെ സ്റ്റാഫംഗം ഉള്‍പ്പെടെ 11 പേരാണ് പിടിയിലായിട്ടുള്ളത്. വാക്സിൻ വിതരണത്തിലെ അഴിമതി സംബന്ധിച്ച പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.