സഖ്യം നയിക്കാൻ കോൺഗ്രസിന് കരുത്തുണ്ട്; ഹൃദയം വിശാലമാക്കണം –തേജസ്വി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പോരാട്ടത്തിെൻറ മുന്നിൽ നിൽക്കാൻ കോൺഗ്രസിന് കരുത്തുെണ്ടന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. എന് നാൽ, ഇൗ നേതൃപദവി കൈകാര്യം ചെയ്യേണ്ടത് വിശാല ഹൃദയത്തോടെയും പ്രാദേശിക പാർട്ടികളെ ഉൾെക്കാണ്ടുമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി-ബഹുജൻ സമാജ് പാർട്ടി സഖ്യത്തിന് എല്ലാ ആശംസകളും നേർന്ന തേജസ്വി, അഖിലേഷ് യാദവുമായി ചർച്ചയും നടത്തി. അതേസമയം, കോൺഗ്രസിനെ ഉന്നംവെച്ചുള്ള സമ്മർദ തന്ത്രത്തിെൻറ ഭാഗമാണ് തെൻറ സന്ദർശനമെന്ന ആരോപണം അദ്ദേഹം തള്ളി.
പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടാൻ കരുത്തുള്ള അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ് എന്നും രാജ്യമാകെ സാന്നിധ്യമുള്ള രണ്ടാമത്തെ വലിയ പാർട്ടിയാണെന്നും ആർ.ജെ.ഡി നേതാവ് പറഞ്ഞു. ‘‘തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ സഖ്യങ്ങൾ ഉണ്ടാക്കുന്നതിലും ആ സഖ്യത്തെ തെരഞ്ഞെടുപ്പിലേക്ക് നയിക്കുന്നതിലും കോൺഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ, ഒാരോ സംസ്ഥാനത്തും ഒാരോ അവസ്ഥയാണെന്നത് അവർ കണക്കിലെടുക്കണം.
തങ്ങൾക്ക് കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് പ്രാദേശിക പാർട്ടികൾക്ക് മുഖ്യ സ്ഥാനം നൽകാൻ കോൺഗ്രസ് തയാറാകണം’’ -പി.ടി.െഎക്കു നൽകിയ അഭിമുഖത്തിൽ തേജസ്വി ആവശ്യപ്പെട്ടു. മുഖ്യപരിഗണന ജയസാധ്യതക്കായിരിക്കണമെന്നും സഖ്യങ്ങൾ സംസ്ഥാനാടിസ്ഥാനത്തിലും സീറ്റ് അടിസ്ഥാനത്തിലും ആയിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജയസാധ്യതയുള്ള മുന്നണി രൂപവത്കരിക്കുേമ്പാൾ അതത് സംസ്ഥാനങ്ങളിലെ സാഹചര്യം പരിഗണിച്ച് ഒാരോ പാർട്ടിയും പരസ്പരം ഇടം നൽകണമെന്നും ലാലുപുത്രൻ ആഹ്വാനം ചെയ്തു.
എസ്.പി-ബി.എസ്.പി സഖ്യത്തിൽനിന്ന് കോൺഗ്രസിനെ ഒഴിവാക്കിയത് പ്രതിപക്ഷ കൂട്ടായ്മക്ക് തിരിച്ചടിയാണോ എന്ന ചോദ്യത്തിന്, രാജ്യത്തെ ജനങ്ങൾ അവർ അനുഭവിച്ച കെടുതികൾ മറക്കില്ലെന്നും തങ്ങളെ കബളിപ്പിച്ചവർക്കെതിരെ എങ്ങനെ ഒന്നിച്ചുനിൽക്കണമെന്ന് അവർക്കറിയാമെന്നും അദ്ദേഹം മറുപടി നൽകി. എസ്.പിയും ബി.എസ്.പിയും ബിഹാറിൽ വലിയ ശക്തിയല്ലെങ്കിലും ഇരുപാർട്ടികളോടും ആർ.ജെ.ഡിക്ക് എന്നും ബഹുമാനമാണെന്നും തേജസ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.