തെലങ്കാനയിൽ മന്ത്രിസഭ രൂപവത്കരണം കോൺഗ്രസിന് കീറാമുട്ടിയാകും
text_fieldsഹൈദരാബാദ്: ബി.ആർ.എസിനെ മലർത്തിയടിച്ച് തെലങ്കാനയിൽ അധികാരം പിടിച്ചെങ്കിലും മന്ത്രിസഭ രൂപവത്കരണം കോൺഗ്രസിന് കീറാമുട്ടിയാകും. മുഖ്യമന്ത്രിയടക്കം 18 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടാകുക. ബി.ആർ.എസിൽനിന്നും ബി.ജെ.പിയിൽനിന്നും കോൺഗ്രസിലെത്തി വിജയിച്ചവർ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചേക്കും. 64 എം.എൽ.എമാരിൽ 20 പേരും ഈ പാർട്ടികൾ വിട്ട് കഴിഞ്ഞ അഞ്ചുമാസത്തിനിടെ കോൺഗ്രസിൽ ചേർന്നവരാണ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് കോൺഗ്രസിൽ ചേർന്ന് വിജയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
ആകെ മത്സരിച്ച 118 സ്ഥാനാർഥികളിൽ 30 പേരും അടുത്തിടെ കോൺഗ്രസിലെത്തിയവരാണ്. ഇവരിൽ പലരും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും. ഇതിനുപുറമെ സാമുദായിക സന്തുലനവും പാലിക്കേണ്ടതുണ്ട്. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന നേതാക്കളും രംഗത്തെത്തുന്നതോടെ തീരുമാനമെടുക്കൽ വെല്ലുവിളിയാകും.
മറ്റു പാർട്ടികളിൽനിന്നെത്തിയ മുൻ മന്ത്രിമാരായ ജുപള്ളി കൃഷ്ണറാവു, തുമ്മല നാഗേശ്വര റാവു, മുൻ എം.പിമാരായ പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി, ജി. വിവേക്, കെ. രാജഗോപാൽ റെഡ്ഡി എന്നിവരാണ് മന്ത്രിസ്ഥാനത്തിന് മുൻനിരയിലുള്ളത്. കോൺഗ്രസിന്റെ മുസ്ലിം സ്ഥാനാർഥികളാരും വിജയിക്കാത്തതിനാൽ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് അലി ഷാബിറിനെയോ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെയോ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്തേക്കും. ഇവരിലൊരാൾക്ക് മന്ത്രിസ്ഥാനം നൽകാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.