ഗ്രാനൈറ്റ് നഗരത്തിലെ ഗംഭീര പോരാട്ടം
text_fields‘‘ഐസാ വാല ബഡാ സാക്ക് മേ വോ ബെല്ലം ലേക്കേ ആയേഗാ ഗുഡുമ്പാ ബനാനേ കേലിയേ’’ റായ്ക്കലിന് സമീപം പരിചയപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥർ വലിയ ചാക്കുചൂണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചില്ലറ മദ്യവിൽപനശാലകളിൽ പരിശോധന കർശനമാക്കിയതോടെ പല ഉടമകളും കടപൂട്ടി.
കരിംനഗറിന്റെ വിദൂരഗ്രാമങ്ങളിൽ വീണ്ടും ഒരിടവേളക്ക് ശേഷം ‘ഗുഡുമ്പാ’ എന്നറിയപ്പെടുന്ന പ്രാദേശിക വാറ്റുചാരായ നിർമാണം തകൃതിയാണ്. ശർക്കര കടത്തുന്ന സംഘങ്ങൾക്ക് തടയിടാൻ എക്സൈസ് ഉണ്ടെങ്കിലും കാര്യങ്ങളൊക്കെ മുറപോലെതന്നെ.
സർക്കാർ പദ്ധതികൾ കിട്ടിയവരും കിട്ടാത്തവരും ഒരുപോലെ അസംതൃപ്തരാവുന്നതിന് പിന്നിൽ ആനുകൂല്യങ്ങൾ വാരിക്കോരി നൽകി ഒരു ജനത്തിന്റെ അധ്വാനശീലത്തെയടക്കം താറുമാറാക്കിയതാണ് പ്രധാന വില്ലനെന്ന് പ്രദേശവാസിയും സർക്കാർ ജീവനക്കാരനുമായ കിഷൻ പറയുന്നു. ആനൂകൂല്യങ്ങളുടെ ആധിക്യവും അതിനെ ചുറ്റിപ്പറ്റിയുള്ള കലഹവും അസംതൃപ്തിയും മിക്ക ഗ്രാമങ്ങളിലും കാണാം.
‘മാധ്യമ, രാഷ്ട്രീയ ശ്രദ്ധയെല്ലാം ഗജ്വെല്ലിലും കാമറെഡ്ഡിയിലുമാണ്. രസകരവും ശ്രദ്ധേയവുമായ മത്സരം നടക്കുന്ന ഒരിടമാണ് കരിംനഗർ. നോക്കൂ, ബി.ജെ.പിയെ സംബന്ധിച്ച് ഇക്കുറിയും അത്രമേൽ പ്രതീക്ഷയുള്ള മണ്ഡലമാണിത്’ -പ്രദേശവാസിയും മാധ്യമപ്രവർത്തകനുമായ രാമകൃഷ്ണ പറഞ്ഞു.
ഗ്രാനൈറ്റ് ടൗൺ എന്നറിയപ്പെടുന്ന തെലുങ്കാനയുടെ വ്യവസായിക നഗരമാണ് കരിംനഗർ. നിലവിൽ കെ.സി.ആർ കാബിനറ്റിൽ മന്ത്രിയായ കമലാകറിന്റെ സിറ്റിങ് മണ്ഡലം. ഇക്കുറിയും കമലാകർ തന്നെയാണ് ബി.എസ്.ആർ സ്ഥാനാർഥി.
ബി.ജെ.പിയുടെ ജനകീയമുഖവും ദേശീയ ജനറൽ സെക്രട്ടറിയുമായ കരിംനഗർ സിറ്റിങ് എം.പി ബണ്ടി സഞ്ജയ് ആണിവിടെ കമലാകറിന്റെ എതിർ സ്ഥാനാർഥി. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബണ്ടിയെ തോൽപിച്ചെങ്കിലും ഇക്കുറി അതത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തൽ.
ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കോൺഗ്രസിന്റെ മികച്ച സ്ഥാനാർഥിയുടെ സാന്നിധ്യമാണ് -പരുമല ശ്രീനിവാസ്. ഇത്തവണ മണ്ഡലത്തിൽ കൃത്യമായ ത്രികോണ മത്സരം നടക്കുമെന്നതിൽ സംശയമില്ല. മുസ്ലിം വോട്ടർമാരുടെ പിന്തുണ അവകാശപ്പെടുമ്പോൾ ബി.ജെ.പിക്കും ഭരണവിരുദ്ധ വികാരം മുതലെടുക്കുമ്പോൾ ബി.ആർ.എസിനും പരുമല ‘പെരുമലയാവും’.
പിന്നാക്ക വിഭാഗക്കാർ വിധി നിർണയിക്കുന്ന മണ്ഡലത്തിൽ അവരിൽ എണ്ണത്തിൽ കരുത്തന്മാരായ മുന്നൂർക്കാപ്പ് സമുദായത്തിൽനിന്നുള്ളവരാണ് കമലാകറും സഞ്ജയും. സമുദായം ഇവരിലാരെ തുണക്കുമെന്നതാണ് ചോദ്യം.
കമലാകറിനോട് നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മാസങ്ങൾക്കു ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തിലധികം വോട്ടുപിടിച്ചാണ് ബണ്ടി സഞ്ജയ് പ്രതികാരം വീട്ടിയത്. ഇക്കുറി മത്സരം കടുത്തതോടെ 60,000 മുസ്ലിം വോട്ടർമാരും വിധിയെഴുത്തിൽ നിർണായക ശക്തിയാവും.
കാശിപുരിലെ വഖഫ് ഭൂമി കൈയേറ്റവും കരിംനഗർ മുനിസിപ്പാലിറ്റിയിലെ രേകുർത്തി ഗ്രാമത്തിൽ 35ഓളം മുസ്ലിം വീടുകൾ ഇടിച്ചുതകർത്തതുമടക്കം ആരോപണങ്ങൾ ഭരണകക്ഷിക്കെതിരെ ഉന്നയിച്ച് മണ്ഡലത്തിൽ ബി.ആർ.എസിലെ പ്രമുഖ മുസ്ലിം നേതാവായ മൊഹ്സിൻ അഹമ്മദ് ഖാൻ ഏതാനും ദിവസങ്ങൾക്കുമുമ്പ് പാർട്ടിവിട്ടതും കമലാകറിന് വെല്ലുവിളിയായിട്ടുണ്ട്. കോൺഗ്രസാകട്ടെ ഇതടക്കം സംഗതികൾ പ്രതീക്ഷയോടെയാണ് കാണുന്നത്.
കുരങ്ങുശല്യം മുതൽ ഭവനപദ്ധതികൾവരെ ചർച്ചയാവുന്ന മണ്ഡലത്തിൽ തെലങ്കാനയിൽ എല്ലായിടത്തേയും പോലെ വെള്ളവും വിഷയമാണ്. 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തിൽ ബണ്ടി സഞ്ജക്കായി വോട്ടുചോദിക്കാൻ എത്തുന്നുണ്ട്.
മോദിക്ക് പുറമെ ബി.ജെ.പിയുടെ ദേശീയ നേതാക്കളെല്ലാം ബണ്ടിക്കായി ഇവിടെ കളത്തിലുണ്ട്. അത്രമേൽ തെലങ്കാനയിൽ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്ന മണ്ഡലമാണ് കരീംനഗറെന്ന് അർഥം. അക്ഷരാർഥത്തിൽ ത്രികോണമത്സരം നടക്കുന്ന കരീം നഗറിൽ ആര് നേട്ടമുണ്ടാക്കുന്നുവെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.