വെള്ളത്തിൽ പൊള്ളുന്ന കോടങ്കൽ
text_fieldsനല്ല വെയിൽ, പിങ്ക് നിറത്തിലുള്ള ഷാളുകൾ വീശിയും കഴുത്തിലണിഞ്ഞും തലയിൽ കെട്ടിയും വെയിൽച്ചൂടിനെ തൃണവത്ഗണിച്ച് ആവേശം അലയടിക്കുന്ന ജനക്കൂട്ടം, മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണ്. പ്രിയ സ്നേഹിതരേ.. കെ.സി.ആറിന്റെ ശബ്ദം മൈക്കിൽ, നിശ്ശബ്ദത.
‘തെലങ്കാനയുടെ പ്രൗഢിയും പെരുമയും വീണ്ടെടുക്കാനുള്ള ശ്രമത്തിൽ നിങ്ങൾ കൈകോർക്കണം. ഈ നാടിനെ ഈ വിധത്തിൽ ആക്കിത്തീർത്തത് കോൺഗ്രസാണ്. പാർട്ടി മുന്നോട്ടുവെക്കുന്ന ആശയവും സ്ഥാനാർഥികളുടെ യോഗ്യതയുമാവണം വോട്ടിന്റെ മാനദണ്ഡം.
ഒരുകാലത്ത് ഇവിടെനിന്നും മറ്റിടങ്ങളിലേക്ക് കുടിയേറ്റം രൂക്ഷമായിരുന്നു. ഇന്ന് അതിന് മാറ്റംവന്നില്ലേ?. രേവന്ത് റെഡ്ഡി എനിക്കെതിരെ കാമറെഡിയിൽ മത്സരിക്കുന്നുണ്ട്. അവിടെനിന്ന് തോല്പിച്ചയക്കും. നിങ്ങളിവിടെയും അതുതന്നെ ചെയ്യണം ’ പ്രസംഗം കത്തിക്കയറുകയാണ്.
വൈദ്യുതിയും വെള്ളവും കോൺഗ്രസ് സ്ഥാനാർഥി രേവന്ത് റെഡ്ഡിക്കെതിരെയുള്ള അഴിമതിയാരോപണവും തെരഞ്ഞെടുപ്പ് സർവേയുമെല്ലാം പരാമർശിക്കുന്ന ആറ്റിക്കുറുക്കിയ പ്രസംഗം. ടി.പി.സി.സി അധ്യക്ഷനും മത്സരരംഗത്ത് കോൺഗ്രസിലെ പ്രമുഖനുമായ രേവന്ത് റെഡ്ഡി കാമറെഡ്ഡിക്ക് പുറമെ കോടങ്കലിൽനിന്നും ജനവിധി തേടുന്നുണ്ട്.
വെള്ളം തന്നെയാണ് വിക്രാബാദ് ജില്ലയിലെ കോടങ്കൽ മണ്ഡലത്തിൽ എക്കാലത്തെയും ചർച്ചാവിഷയം. പത്തുവർഷത്തെ ബി.ആർ.എസ് ഭരണത്തിന് ശേഷവും അത് തുടരുകയാണ്. ഇനി കോൺഗ്രസ് ഭരിച്ചാലും അത് പരിഹരിക്കപ്പെടുമോ എന്ന് നാട്ടുകാർക്ക് ഉറപ്പുമില്ല. ‘അദ്ദേഹം (മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു) അധികാരത്തിലെത്തുമ്പോൾ ഈ പ്രതിസന്ധി പരിഹരിക്കാമെന്ന് ഉറപ്പുതന്നിരുന്നു.
ഒന്നും ചെയ്തില്ലെന്നല്ല. പത്തുവർഷത്തിനിടെ പരിഹരിക്കാനാവാത്തതല്ലായിരുന്നു ഇത്. വെള്ളം മാത്രമല്ല, തൊഴിലും ഇവിടെ പ്രതിസന്ധി തന്നെയാണ്.’ -യുവ കർഷകനായ ബാലചന്ദർ പറഞ്ഞു. ‘ഭരണം മാറണം, അഞ്ചുവർഷം കൂടുമ്പോൾ മാറിയാലാണ് ഇവർക്ക് അൽപം ജനങ്ങളോട് ഉത്തരവാദിത്തം വരുക. കോൺഗ്രസ് വന്നാലും കാര്യമായൊന്നും ചെയ്തേക്കില്ല. നിലവിലെ സർക്കാറിനോടുള്ള അസംതൃപ്തിയാണ് വോട്ടായേക്കുക.
അല്ലാതെ കോൺഗ്രസിന്റെ പ്രതിച്ഛായയൊന്നുമല്ല.’ -കോസ്ഗിയിൽ കണ്ടുമുട്ടിയ അലോക് പറഞ്ഞു. ഹൈദരാബാദിൽ ഹോട്ടലിൽ ജോലിചെയ്യുകയാണ് ബിരുദാനന്തര ബിരുദധാരിയായ അലോക്. ഈ വർഷം കാലവർഷക്കെടുതിയിൽ കോടങ്കലിൽ മിക്കയിടത്തും കൃഷിനാശമുണ്ടായിരുന്നു. പയറും ധാന്യവർഗങ്ങളുമെല്ലാം പാടത്തുതന്നെ നാശമായി. മഴയെമാത്രം ആശ്രയിച്ചാണ് മിക്ക സ്ഥലത്തെയും കൃഷി.
അൽപം ധനികരായ കർഷകർ കുഴൽക്കിണറുകളും ജലസേചനത്തിനായി ഉപയോഗിക്കും. ഇക്കുറി ഭൂഗർഭ ജലത്തിന്റെ അളവ് കുറഞ്ഞതോടെ യാരംപള്ളിയടക്കം ഗ്രാമങ്ങളിൽ വിള മണ്ണുതിന്നു. ബി.ആർ.എസ് ഭരണം തുടങ്ങി ഒമ്പത് വർഷത്തിനിപ്പുറവും കാര്യമായ മാറ്റമൊന്നും നാടിനില്ലെന്ന് ഇവർ പറയുന്നു. കൃഷ്ണനദിയിലെ ജൂരാല പദ്ധതിയിൽനിന്ന് വെള്ളം നൽകാമെന്ന വാഗ്ദാനം ഏറെ പ്രതീക്ഷ നൽകിയിരുന്നു.
ഏതാനും ചില അടിസ്ഥാന പ്രവൃത്തികളൊഴികെ കാര്യമായി ഒന്നും തന്നെ നടന്നില്ലെന്ന് കർഷകനായ ഹൻസ്രാജ് പറയുന്നു. മണ്ഡലത്തിലെ കാർഷിക പ്രശ്നങ്ങൾ നന്നായി അറിയാവുന്ന സിറ്റിങ് ബി.ആർ.എസ് എം.എൽ.എ പട്നം നരേന്ദർ റെഡ്ഡി രണ്ടാം തവണയും താൻ തിരഞ്ഞെടുക്കപ്പെട്ടാൽ 'വെള്ളവും ജോലിയും' ഉറപ്പാക്കുമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്നു.
‘കർഷകർക്ക് തൊഴിലും ജലസേചനവും നൽകുന്ന രണ്ട് വാഗ്ദാനങ്ങളാണ് ഞാൻ മുന്നോട്ടുവെക്കുന്നത്. നാലിലധികം തവണ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാലമുരു-രംഗറെഡ്ഡി സ്കീമിൽനിന്ന് വെള്ളം വിട്ടുനൽകാൻ സർക്കാർ അനുമതി നൽകുകയും ചെയ്തിരുന്നു. ഇത് നടപ്പിലാകുന്നതോടെ എല്ലാ കൃഷിയിടങ്ങളിലും വെള്ളമെത്തിക്കാനാകും‘- നരേന്ദ്രർ റെഡ്ഡി മാധ്യമത്തോട് പറഞ്ഞു
കോൺഗ്രസ് സ്ഥാനാർഥി രേവന്ത് റെഡ്ഡിയുടെ പ്രചാരണവുമായി പ്രവർത്തകർ പാർട്ടി ഉറപ്പുനൽകുന്ന ആറ് ഗ്യാരന്റി പദ്ധതികൾ പരിചയപ്പെടുത്തുന്നു. സമീപ സംസ്ഥാനമായ കർണാടകയിലേതുപോലെ അവ സമയാധിഷ്ഠിതമായി നടപ്പാക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. 2018ൽ ടി.ഡി.പി എം.എൽ.എയായ രേവന്ത് റെഡ്ഡിയെ 9,319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ബി.ആർ.എസിലെ പട്നം നരേന്ദർ റെഡ്ഡി കൊടങ്കൽ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.