ഹൈദരാബാദിൽ കത്തുന്നു; ഷെർവാണിക്കുള്ളിലെ കാക്കി ട്രൗസർ
text_fieldsഹൈദരാബാദ്: ഉവൈസിയുടെ ഷെർവാണിക്കുള്ളിൽ കാക്കി ട്രൗസറാണെന്ന തെലങ്കാന കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയിൽ ഇരുനേതാക്കളും തമ്മിൽ ‘സാംസ്കാരിക സംഘട്ടനം’. സംസ്ഥാനത്ത് തങ്ങൾക്കെതിരെ ആർ.എസ്.എസിന്റെ പാവയായി പ്രവർത്തിക്കുകയാണ് എ.ഐ.എം.ഐ.എമ്മും അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുമെന്ന് ആരോപിച്ചാണ്, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എ. രേവന്ത് റെഡ്ഢി കഴിഞ്ഞ ദിവസം ‘കാക്കി ട്രൗസർ’ പ്രയോഗം നടത്തിയത്. എന്നാൽ, പരമ്പരാഗത വസ്ത്രമായ ഷെർവാണിയും പൈജാമയും മുസ്ലിം സമുദായത്തിെന്റ സംസ്കാരവും സ്വത്വവുമാണെന്നും അതിനെയാണ് കോൺഗ്രസ് പ്രസിഡന്റ് അപമാനിച്ചതെന്നും ഉവൈസി തിരിച്ചടിച്ചു. രേവന്ത് റെഡ്ഢി ആർ.എസ്.എസ് പശ്ചാത്തലമുള്ളയാളാണെന്ന് നേരത്തേതന്നെ ഉവൈസി ആരോപിച്ചിരുന്നു.
രേവന്ത് റെഡ്ഢി ആർ.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് അസദുദ്ദീൻ ഉവൈസി എം.പിയും സഹോദരൻ അക്ബറുദ്ദീൻ ഉവൈസിയും വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ ആരോപണമുന്നയിച്ചുവരുകയാണ്. ‘ആർ.എസ്.എസ് അണ്ണ’ എന്നാണ് ഇരുവരും രേവന്തിനെ വിശേഷിപ്പിച്ചിരുന്നത്. ഇത് കോൺഗ്രസ് പ്രസിഡന്റിനെ പ്രകോപിതനാക്കിയതിന്റെ ഫലമാണ് ഷെർവാണിക്കുള്ളിലെ കാക്കി ട്രൗസർ പ്രയോഗമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൈദരാബാദ് നൈസാമിന്റെ കുപ്രസിദ്ധ സ്വകാര്യ സേനയായ റസാക്കർമാരുടെ നേതാവായ ഖാസിം റിസ്വിയുടെ പാർട്ടിയാണ് മജ്ലിസെന്നും രേവന്ത് ആരോപിച്ചിരുന്നു. പാർട്ടി ആസ്ഥാനം ഖാസിം റിസ്വിയുടെ സ്വത്താണെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. ‘‘താങ്കളെ ഞാൻ ഖാസിം റിസ്വിയെന്ന് വിളിച്ചോട്ടേ...’’ എന്നായിരുന്നു ഒരു യോഗത്തിൽ രേവന്ത് ചോദിച്ചത്.
ഇതിനുള്ള ഉവൈസിയുടെ മറുപടി ഇങ്ങനെ: ‘‘എ.ബി.വി.പിയിലും ബി.ജെ.പിയിലും പിന്നെ ടി.ഡി.പിയിലും പ്രവർത്തിച്ചശേഷം തെലങ്കാന ആർ.എസ്.എസ് അണ്ണ ഇപ്പോൾ കോൺഗ്രസിലെത്തിയിരിക്കുന്നു.’’ -തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ ഒരു യോഗത്തിൽ അദ്ദേഹം പരിഹസിച്ചു. റസാക്കർമാരുടെ പാർട്ടിയെന്ന ആരോപണത്തിന്, പിന്നെയെന്തിനാണ് പിന്തുണ തേടി ഇന്ദിര ഗാന്ധി മജ്ലിസ് ആസ്ഥാനമായ ദാറുസ്സലാം സന്ദർശിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുകയാണ് രേവന്ത് റെഡ്ഢിയെന്ന് പറഞ്ഞ ഉവൈസി, മുസ്ലിം സ്വത്വത്തെ അദ്ദേഹം ആക്രമിക്കുകയാണെന്നും ആരോപിച്ചു. ‘‘കോൺഗ്രസിനെ ആർ.എസ്.എസ് നിയന്ത്രിക്കുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. അതുകൊണ്ടുതന്നെ രണ്ടു പാർട്ടികളെയും തോൽപിക്കണം’’ -ഉവൈസി കൂട്ടിച്ചേർത്തു.
മജ്ലിസിന്റെ സൗഹൃദ കക്ഷിയായ ഭാരത രാഷ്ട്ര സമിതിയും (ബി.ആർ.എസ്) രേവന്ത് റെഡ്ഢിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാന കോൺഗ്രസ് ആസ്ഥാനമായ ഗാന്ധിഭവൻ, ‘ഗോദ്സെ ഭവൻ’ ആയെന്നാണ് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു പരിഹസിച്ചത്.
അതേസമയം തന്റെ പൂർവകാല എ.ബി.വി.പി ബന്ധം സമ്മതിക്കുന്ന രേവന്ത് റെഡ്ഢി പക്ഷേ, ആർ.എസ്.എസുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെയുള്ളവരുടെ അഭൂതപൂർവമായ പിന്തുണ നേടിയ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ വിറളിപൂണ്ടിരിക്കുകയാണ് ബി.ജെ.പിയുടെ ബി ടീമായ ബി.ആർ.എസും സി ടീമായ മജ്ലിസുമെന്നും കോൺഗ്രസ് തിരിച്ചടിച്ചു. ബി.ജെ.പിയും ബി.ആർ.എസും മജ്ലിസും ഒന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഓരോ യോഗത്തിലും പറയുന്നുണ്ട്. ഈ രണ്ടു പാർട്ടികൾക്കു നേരെയും ഇ.ഡിയോ സി.ബി.ഐയോ ആദായനികുതി കേസോ ഇല്ലാത്തതെന്തെന്നും രാഹുൽ ചോദിക്കുന്നു. പാർലമെന്റിൽ സുപ്രധാന ബില്ലുകൾ പാസാക്കാൻ ബി.ആർ.എസ്, ബി.ജെ.പിക്ക് പിന്തുണ നൽകുന്നു. എവിടെയെല്ലാം കോൺഗ്രസ് ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നുവോ, അവിടെയെല്ലാം മജ്ലിസ് സ്ഥാനാർഥികൾ ഉണ്ടാകുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പിക്കുവേണ്ടി സ്ഥാനാർഥികളെ നിർത്തുന്ന മജ്ലിസ് എന്തുകൊണ്ടാണ് തെലങ്കാനയിൽ ഒമ്പതു സീറ്റുകളിൽ മാത്രം മത്സരിക്കുന്നതെന്ന് രേവന്ത് റെഡ്ഢി ചോദിക്കുന്നു. ‘മുസ്ലിംകൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തുന്ന രാജ സിങ്, ബൻഡി സഞ്ജയ് എന്നിവർക്കെതിരെ സ്ഥാനാർഥികളെ നിർത്താതെ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ മത്സരിക്കുന്നു?’’ -രേവന്ത് ചോദിച്ചു. ബി.ആർ.എസിനുവേണ്ടി മുസ്ലിം വോട്ടുകൾ വിഭജിക്കാനാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.