കെ.സി.ആറിന്റെ ഗജ് വേലിൽ റാലിക്ക് കൂലി
text_fieldsരാജേന്ദ്രയുടെ വീട് തീരേ ചെറുതാണ്. അഞ്ചുപേർക്ക് കഷ്ടിച്ച് കിടന്നുറങ്ങാൻ മാത്രം വലുപ്പമുള്ളത്. ‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഇങ്ങനെയായിരുന്നില്ല. അൽപം കൃഷിഭൂമിയും കന്നുകാലിയുമൊക്കെ ഉണ്ടായിരുന്നു. മല്ലണ്ണ സാഗർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി ഭൂമി വിട്ടുനൽകേണ്ടിവന്നു.
സർക്കാർ അപ്പോൾ നൽകിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ യാഥാർഥ്യമായില്ല. ഞാൻ ഇവരെയും കൂട്ടി ഇങ്ങോട്ടുപോന്നു. ഇവിടെയാകുമ്പോൾ എന്തെങ്കിലും ജോലിയെങ്കിലും തിരയാം’. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് രാജേന്ദ്ര.
ഭാര്യയും അച്ഛനും അമ്മയും രണ്ട് കുട്ടികളും ചേർന്നതാണ് രാജേന്ദ്രയുടെ കുടുംബം. മല്ലണ്ണ സാഗർ പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ച പുനരധിവാസ കോളനിയാണ് ഗജ്വേലിനടുത്ത് മുത് രാജ് പള്ളി. അമർഷം അഗ്നിപർവതംപോലെ പുകയുന്ന 11,000 വോട്ടർമാരുടെ ഗ്രാമം.
2022ൽ 7740 കോടി ചെലവഴിച്ച് ആരംഭിച്ച മല്ലണ്ണ സാഗർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി രാജ്യത്തെതന്നെ വലിയ റിസർവോയറുകളിൽ ഒന്നാണ്. പദ്ധതിക്കായി രാജേന്ദ്ര അടക്കം 3000 കുടുംബങ്ങളടങ്ങിയ 14 ഗ്രാമങ്ങൾ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയിരുന്നു.
ഏക്കറിന് 6.5 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ വില, വീടിന് 250 ചതുരശ്ര അടി പ്ലോട്ട്, അഞ്ചു ലക്ഷം രൂപയുടെ വിവാഹ പാക്കേജ്, ഉപജീവനത്തിനായി നാല് കന്നുകാലികൾ, മത്സ്യബന്ധന അവകാശം, പശുപരിപാലനത്തിനുള്ള 200 ഏക്കർ ഭൂമി എന്നിവയായിരുന്നു സർക്കാർ വാഗ്ദാനം. നാളിതുവരെ, മിക്കവർക്കും വാഗ്ദാനംചെയ്ത നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
എരവള്ളി, സിൻഗ്രാറം, എട്ടിഗദ്ധകിഷ്ടാപൂർ, വെമൂലഘട്ട്, പല്ലേപഹാഡ്, രാംപുർ, ലക്ഷ്മാപുർ എന്നീ എട്ട് ഗ്രാമങ്ങൾ നിന്നിടം ഇന്ന് മല്ലണ്ണ സാഗർ റിസർവോയറിന് അടിയിലാണ്. സമാനമാണ് ഏതാനും കിലോമീറ്ററുകൾ അകലെ, കൊണ്ട പോച്ചമ്മ റിസർവോയറിനായി കുടിയൊഴിപ്പിക്കപ്പെട്ട 1100ലധികം കുടുംബങ്ങൾ ഉൾപ്പെടുന്ന ആറ് ഗ്രാമങ്ങളുടെയും കഥ.
സംഗറെഡ്ഡി, സിദ്ദിപേട്ട്, ഭുവനഗിരി ജില്ലകളിലെ ജലസേചനം ലക്ഷ്യമിടുന്നതാണ് പോച്ചമ്മ റിസർവോയർ. പദ്ധതിയിൽ സർക്കാറിന്റെ വാഗ്ദാനം കിട്ടിയവരുടെ കഥയും ദയനീയമാണ്. മംഡിയാൽ കോളനിയിൽ ഇത്തരത്തിൽ 70 ചതുരശ്ര അടിയിൽ നിർമിച്ചുനൽകിയ ഏതാനും വീടുകൾ ദയനീയമാണ്. മഴ പെയ്താൽ കുടപിടിച്ചിരിക്കേണ്ട സ്ഥിതി.
ഗജ്വേൽ നിയമസഭ മണ്ഡലത്തിൽ ഹാട്രിക് വിജയം തേടുന്ന ബി.ആർ.എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന് (കെ.സി.ആർ) ഇത്തവണ കാര്യങ്ങൾ ഇത്തിരി കടുപ്പമാണ്. കെ.സി.ആറിന്റെ മുൻ സഹപ്രവർത്തകനും ബി.ജെ.പി എം.എൽ.എയുമായ എട്ടല രാജേന്ദറും കോൺഗ്രസിന്റെ തുംകുന്ത നർസ റെഡ്ഡിയുമാണ് മുഖ്യമന്ത്രിക്കെതിരെ മത്സരരംഗത്തുള്ളത്.
പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ഗജ്വേൽ. സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ദലിത് ബന്ധു, ബി.സി ബന്ധു പദ്ധതികളിൽ പേരിനെങ്കിലും എന്തെങ്കിലും ലഭിച്ചത് 170 പേർക്കാണ്, 60,000 പേരുള്ളിടത്താണിതെന്ന് ഓർക്കണം. 90ഓളം കർഷകർ ഈ കാലയളവിൽ ആത്മഹത്യ ചെയ്തു. പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി ഗജ്വേലിൽ നവംബർ 28ന് അവസാനവട്ട പ്രചാരണത്തിനായാണ് എത്തുക.
‘ഇവിടെ റോഡും പാലവുമൊക്കെയുണ്ട്. മിക്കയിടങ്ങളിലും വികസനമെത്തിയിരുന്നു. നോക്കൂ, കെ.സി.ആർ നല്ല ഒരു ഭരണാധികാരിയാണ്’ -നഗരപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ ബാലു പറഞ്ഞു. ശരിയാണ് പാലങ്ങളും നല്ല റോഡുകളും എല്ലാം മുഖ്യമന്ത്രിയുടെ തട്ടകത്തിൽ വികസനത്തിന്റെ മറ്റൊരു മുഖംതീർക്കുന്നു.
വൃത്തിയുള്ള പാതകൾ, നഗരാസൂത്രണം എല്ലാം മികവുള്ളതുതന്നെ. ‘വികസനപദ്ധതികൾ പരാതികളില്ലാതെ നടപ്പാക്കാനാവുമോ?. ചില പ്രശ്നങ്ങൾ തീർച്ചയായുമുണ്ട്. അവ പരിഹരിക്കപ്പെടും ഉറപ്പായും. പക്ഷേ, സമയം വേണം’. ബി.ആർ.എസ് പ്രാദേശിക നേതാവ് രമൺ പറയുന്നു. തെലങ്കാനയിൽ മറ്റെല്ലായിടത്തെയും പോലെ ഗജ്വേലിലും തൊഴിലില്ലായ്മ വലിയൊരു പ്രതിസന്ധിയാണ്. മിക്കവർക്കും തൊഴിലില്ല.
യുവാക്കളിൽ മിക്കവരും പോക്കറ്റ് മണി കിട്ടുന്നതുകൊണ്ടുതന്നെ പ്രചാരണരംഗത്ത് സജീവം. ഉച്ച തിരിഞ്ഞതോടെ ഗജ്വേൽ നഗരത്തിന് സമീപമുള്ള ഗ്രാമങ്ങളിൽ പ്രാദേശിക നേതാക്കൾ എത്തിത്തുടങ്ങി. പുറം മൂടിയ ലോറികളിൽ ഗ്രാമീണർ ഗജ്വേലിലെ സമ്മേളനങ്ങൾക്ക് പോവുകയാണ്. കൂലിയും ഭക്ഷണവും കിട്ടും, ഒന്ന് മിനുങ്ങേണ്ടവർക്ക് അതും.
പ്രാദേശിക നേതാവ് നൽകിയ ടോക്കൺ വാങ്ങി ലോറിയിൽ കയറാൻ നിൽക്കുന്നതിനിടെ എല്ലമ്മ മുറിഹിന്ദിയിൽ പറഞ്ഞത് അടുത്തുനിന്ന മറ്റൊരാൾ പരിഭാഷപ്പെടുത്തി. ഇത് ബി.ആർ.എസ് പരിപാടിയാണ്. കോൺഗ്രസ്, ബി.ജെ.പി പരിപാടികൾക്ക് വരും ദിവസങ്ങളിൽ ആളുകൾ വരും.
അൽപം അകലെ പ്രഗ്നാപൂരിൽ വഴിയോരത്ത് സ്ത്രീകൾ വണ്ടികാത്ത് നിൽക്കുന്നു. 400-500 രൂപയും ചെലവുമാണ് മിക്കവർക്കും പ്രതിഫലം. ഇതിലും വലിയ സമ്മാനങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും മത്സരം കടുക്കുകയാണെങ്കിൽ കവറുകളിൽ 10,000 രൂപ വീതം നൽകാനാണ് പദ്ധതിയെന്നും പ്രാദേശിക നേതാക്കളിലൊരാൾ അടക്കം പറഞ്ഞു.
ഇങ്ങനെ പണം നൽകി പ്രചാരണത്തിന് ആളെക്കൂട്ടിയാൽ എന്താണ് മെച്ചമെന്ന ചോദ്യത്തിന് മറുപടിയും രസകരമായിരുന്നു. കുറച്ചുനാൾ ചിഹ്നവും വോട്ടഭ്യർഥനയും ചടങ്ങുകളിലെ പങ്കാളിത്തവുമായി നടക്കുന്നവർക്ക് ക്രമേണ ആ പാർട്ടിയോട് ഒരു അടുപ്പമുണ്ടാകുമത്രെ. അത് വർധിപ്പിക്കാനാണ് കൈമടക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.