എട്ടു വർഷമായി നിർമാണത്തിലിരിക്കുന്ന പാലം കാറ്റിൽ തകർന്നുവീണു
text_fieldsഹൈദരാബാദ്: എട്ടു വർഷമായി നിർമാണത്തിലിരിക്കുന്ന പാലം കാറ്റിൽ തകർന്നു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലാണ് സംഭവം. പാലത്തിന്‍റെ ഒരു ഭാഗം തിങ്കളാഴ്ച രാത്രി 9.45 ഓടെ ശക്തമായ കാറ്റിലാണ് തകർന്നത്. രണ്ട് തൂണുകൾക്കിടയിലുള്ള അഞ്ചിൽ രണ്ട് കോൺക്രീറ്റ് ഗർഡറുകൾ താഴേക്ക് പതിക്കുകയായിരുന്നു.
ഒരു കിലോമീറ്ററോളം നീളമുള്ളതാണ് പാലം. 49 കോടിയോളം ഫണ്ട് അനുവദിച്ച് തെലങ്കാന നിയമസഭ സ്പീക്കർ എസ്. മധുസൂദന ചാരിയും പ്രദേശത്തെ എം.എൽ.എയും ചേർന്നാണ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തിരുന്നത്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സർക്കാർ പണം നൽകുന്നില്ലെന്ന് പറഞ്ഞ് കോൺട്രാക്ടർ ഒരു വർഷത്തിനകം തന്നെ പണി നിർത്തുകയായിരുന്നു. ഇതേ കരാറുകാരൻ വെമുലവാഡയിൽ 2021ൽ നിർമിച്ച പാലം കനത്ത മഴയിൽ ഒലിച്ചുപോയിരുന്നെന്ന് സമീപ ഗ്രാമത്തിലെ സർപഞ്ച് സിരികൊണ്ട ബക്ക റാവു പറഞ്ഞു.
പാലത്തിനടിയിൽ മണ്ണിട്ട് അഞ്ച് വർഷമായി ഗ്രാമവാസികൾ റോഡുണ്ടാക്കിയിരുന്നു. ഈ വഴിയിലൂടെ കടന്നുപോയ 65 പേരടങ്ങുന്ന ബസ് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് വിവാഹത്തിനെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.