ജാതി സെൻസസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാൻ തെലങ്കാന
text_fieldsഹൈദരാബാദ്: ജാതി സെൻസസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാനൊരുങ്ങി തെലങ്കാന. എല്ലാ സമുദായങ്ങൾക്കിടയിലും തുല്യമായ വിഭവ വിതരണം ലക്ഷ്യംവെച്ചുകൊണ്ട് ജാതി സെൻസസിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ബിഹാറിനും ആന്ധ്രക്കും ശേഷമാണ് തെലങ്കാനയും ജാതി സെൻസെസിനായുള്ള നടപടി സ്വീകരിക്കുന്നത്.
വീടുവീടാന്തരം കയറിയിറങ്ങി സർവേ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തികുമാരി വെള്ളിയാഴ്ച ഉത്തരവിറക്കി. 60 ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ ഒ.ബി.സി, എസ്.സി, എസ്.ടി, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ ഉന്നമനത്തിനായി സാമൂഹിക, സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസമുൾപ്പെടെ വിവിധ അവസരങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതുമാണ് സർവേ ലക്ഷ്യമിടുന്നതെന്ന് ഉത്തരവിൽ പറയുന്നു.
സർവേയിലൂടെ സംസ്ഥാനത്തെ എസ്.സി, എസ്.ടി, ഒ. ബി.സി, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു.
വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണാനുകൂല്യങ്ങൾ നീട്ടുന്നതിനായി പട്ടികജാതിക്കാരുടെ ഉപവർഗ്ഗീകരണം പഠിക്കാൻ മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഷമീം അക്തറിൻ്റെ നേതൃത്വത്തിലുള്ള കമീഷനെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ കോൺഗ്രസ് നൽകിയ ഉറപ്പുകളിൽ ജാതി സർവേയും ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.