ഇന്ത്യാ പര്യടനത്തിനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു
text_fieldsഹൈദരാബാദ്: ഇന്ത്യാ പര്യടനത്തിനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. മെയ് 20ന് മുഖ്യമന്ത്രി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും സാമ്പത്തിക വിദഗ്ധരുമായും ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതികൾ ചർച്ച ചെയ്യും. മാധ്യമപ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
രാജ്യവ്യാപക കർഷക പ്രക്ഷോഭത്തിനിടെ മരിച്ച 600 കർഷകരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ അദ്ദേഹം 22ന് ചണ്ഡീഗഢ് സന്ദർശിക്കും. റാവു ഓരോ കുടുംബത്തിനും ധനസഹായമായി മൂന്ന് ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്യും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർക്കൊപ്പം അദ്ദേഹം ചെക്കുകൾ വിതരണം ചെയ്യും. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ കർഷക കുടുംബങ്ങൾക്കാണ് ചെക്കുകൾ നൽകുന്നത്.
മെയ് 26ന് ബംഗളൂരു സന്ദർശിക്കുന്ന മുഖ്യമന്ത്രി അവിടെ മുൻ പ്രധാനമന്ത്രി എച്ച്. ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം, അദ്ദേഹം മഹാരാഷ്ട്രയിലെ റാലേഗൻ-സിദ്ധിയിലേക്ക് പോകും. അവിടെ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ കാണും. പിന്നീട് അദ്ദേഹം ഷിർദ്ദിയിൽ പോയി പ്രാർത്ഥിക്കും.
മെയ് 29നോ 30നോ പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലും സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവിടെ 2020ൽ ഗാൽവാൻ താഴ്‌വര സംഭവത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ നേരിൽ കാണും. കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ധനസഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.