400 സീറ്റ് തികക്കണമെങ്കിൽ എൻ.ഡി.എ പാകിസ്താനിലും മത്സരിക്കണം; ബി.ജെ.പിയുടെ അവകാശവാദം തള്ളി രേവന്ത് റെഡ്ഡി
text_fieldsഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 400 സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം പൊള്ളത്തരമാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. എൻ.ഡി.എക്ക് 214നും 240നുമിടയിൽ സീറ്റ് ലഭിക്കുമെന്നും രേവന്ത് റെഡ്ഡി പ്രവചിച്ചു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് 303 സീറ്റുകളാണ് ലഭിച്ചത്. അന്ന് ഡൽഹി, യു.പി, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ 95 ശതമാനം സീറ്റുകളും അവർക്ക് ലഭിച്ചു. ഇത്തവണ 400 സീറ്റ് ലഭിക്കണമെങ്കിൽ അവർ പാകിസ്താനിലും മത്സരിക്കേണ്ടി വരുമെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു.
2019ൽ കർണാടകയിലെ 28 ലോക്സഭ സീറ്റുകളിൽ 27ലും ബി.ജെ.പി വിജയിച്ചിരുന്നു. എന്നാൽ ഇക്കുറി 12 സീറ്റിലേറെ കിട്ടില്ലെന്ന് രേവന്ത് അവകാശപ്പെട്ടു. തെലങ്കാനയിൽ രണ്ട് സീറ്റുകളിൽ മാത്രമായി അവരുടെ വിജയം ഒതുങ്ങും. തെലങ്കാനയിലെ 119 നിയമസഭ സീറ്റുകളിൽ 100 എണ്ണത്തിലും വിജയിക്കാൻ സാധിക്കുമെന്നായിരുന്നു ബി.ആർ.എസിന്റെ കണക്കുകൂട്ടൽ. ഫലം വന്നപ്പോൾ അത് 39 ആയി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് വാട്സ് ആപ് യൂനിവേഴ്സിറ്റിയും ചില രാഷ്ട്രീയക്കാരും നടത്തുന്ന പ്രചാരണമാണ്. ജനങ്ങൾ ഇപ്പോൾ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞു. 62 ശതമാനം യുവാക്കളും മോദിക്ക് എതിരാണ്. എല്ലാവർഷവും രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാൽ 7.5 ലക്ഷം തൊഴിലവസരം കൂടി സൃഷ്ടിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. ജൻ ധൻ അക്കൗണ്ട് വഴി ആർക്കെങ്കിലും 15 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടോ? കർഷകരുടെ വരുമാനം ഇരട്ടിയായോ? 2022ഓടെ എല്ലാവർക്കും വീട് എന്ന മോദിയുടെ പ്രഖ്യാപനം നടപ്പായോ?-രേവന്ത് റെഡ്ഡി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.