പ്രളയക്കെടുതി നേരിടാൻ കേന്ദ്രം പദ്ധതി തയ്യാറാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
text_fieldsഹൈദരാബാദ്: ഭാവിയിൽ പ്രളയക്കെടുതികൾ നേരിടാൻ കേന്ദ്രസർക്കാർ കർമപദ്ധതി തയ്യാറാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. അടുത്തിടെ പെയ്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം സൃഷ്ടിച്ച നാശം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തോടാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ സൃഷ്ടിച്ച നാശം വിശദീകരിച്ച അദ്ദേഹം വെള്ളപ്പൊക്കം കാരണം തെലങ്കാന വളരെയധികം ദുരിതം അനുഭവിക്കുന്നതായി പറഞ്ഞു.
പ്രളയക്കെടുതിയിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് ഉപാധികൾ ഏർപ്പെടുത്താതെ കേന്ദ്രസർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണം. ഖമ്മം ജില്ലയിലെ വെള്ളപ്പൊക്കം തടയാൻ മൂന്നേരു നദിക്ക് സംരക്ഷണ ഭിത്തി നിർമിക്കുക മാത്രമാണ് ശാശ്വത പരിഹാരം. ഭാവിയിൽ വെള്ളപ്പൊക്കം തടയുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് നടത്താൻ കേന്ദ്രം ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾ ഓരോ വർഷവും വ്യത്യസ്‌ത തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾക്കിരയാവുമ്പോഴും അതിനെ നേരിടാനുള്ള വിപുലമായ പദ്ധതി കേന്ദ്രം ആവിഷ്കരിക്കാത്തതിൽ നേരത്തെ തന്നെ വിമർശനമുയർന്നിട്ടുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രാജ്യത്തെ സർവ സാധാരണമായ ദുരന്തമായിത്തീർന്നിരിക്കെയാണിത്.
സെൻട്രൽ വാട്ടർ കമീഷൻ റിപ്പോർട്ട് അനുസരിച്ച് വെള്ളപ്പൊക്കം മൂലമുള്ള മരണങ്ങൾ 1953ൽ 37 ആയിരുന്നത് 2020ൽ 1815 ആയി ഉയർന്നു. വിളകൾ, വീടുകൾ, പൊതു സംവിധാനങ്ങൾ എന്നിവയുടെ നാശനഷ്ടത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയ സാമ്പത്തിക നഷ്ടം 52 കോടിയിൽ നിന്ന് 21,189 കോടി രൂപയായും ഉയർന്നുവെന്നാണ്. അതേസമയം, സംസ്ഥാനങ്ങൾക്ക് പര്യാപ്തമായ സഹായം അനുവദിക്കുന്നതിൽ കേന്ദ്രം കാണിക്കുന്ന അലംഭാവം കെടുതികൾ ഏറ്റുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.