നീതി ആയോഗ് യോഗം ബഹിഷ്കരിക്കും; ബജറ്റിൽ സംസ്ഥാനത്തെ തഴഞ്ഞു - തെലങ്കാന മുഖ്യമന്ത്രി
text_fieldsഹൈദരാബാദ്: കേന്ദ്ര ബജറ്റിലെ അതൃപ്തിക്ക് പിന്നാലെ വരാനിരിക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജൂലൈ 27നാണ് നീതി ആയോഗ് യോഗം നടക്കുക. സംസ്ഥാനത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കിയെന്നും ഫണ്ട് നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
“ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നീതി ആയോഗിൻ്റെ അധ്യക്ഷൻ. ജൂലൈ 27നാണ് നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നീതി ആയോഗ് യോഗം നടക്കുക. തെലങ്കാന മുഖ്യമന്ത്രിയെന്ന നിലയിൽ, സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ വ്രണപ്പെടുത്തയതും ഫണ്ട് അനുവദിക്കാതിരുന്നതും കണക്കിലെടുത്ത് യോഗം ബഹിഷ്കരിക്കാനാണ് തീരുമാനം,“ രേവന്ത് റെഡ്ഡി പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവരും നീതി ആയോഗ് യോഗം ബഹിഷ്കരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
കേന്ദ്രബജറ്റിലെ അവഗണനയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധമുയർത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന വേണമെന്ന് എം.പിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു. ഒരുപാട് സംസ്ഥാനങ്ങൾക്ക് ബജറ്റിൽ നീതി കിട്ടിയില്ലെന്നും നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. അതേസമയം എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുകൾ പ്രതിപാദിക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് നിർമല സീതാരാമന്റെ മറുപടി. വടവനയിൽ തുറമുഖം സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയുടെ പേര് ബജറ്റിൽ പരാമർശിച്ചതേയില്ല. മഹാരാഷ്ട്രയെ അവഗണിച്ചുവെന്നാണോ അതിനർഥം? ബജറ്റിൽ പ്രത്യേക സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചിട്ടുണ്ട് എന്നതിനാൽ എല്ലാ സഹായങ്ങളും ആ സംസ്ഥാനങ്ങൾക്ക് മാത്രമാണ് എന്നാണോ അർഥം? തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണിത്.-നിർമല സീതാരാമൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.