തെലങ്കാന: ആദ്യപട്ടികയിൽ കൂടുമാറിയവർക്ക് പരിഗണന
text_fieldsന്യൂഡൽഹി: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയെ മറികടന്ന് ഭരണകക്ഷിയായ ഭാരത് രാഷ്ട്രസമിതിയുടെ മുഖ്യ എതിരാളിയായി മാറിയ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഇടംപിടിച്ചു.
കർണാടക മാജിക് തെലങ്കാനയിൽ ആവർത്തിക്കാനുള്ള ആഗ്രഹത്തിൽ ജയസാധ്യതയില്ലാത്ത മുതിർന്ന നേതാക്കളെ പാർട്ടി കൈവിട്ടു. ജയസാധ്യത മാത്രം നോക്കി തയാറാക്കിയ 55 പേരുടെ ആദ്യപട്ടികയിൽ 24 സ്ഥാനാർഥികളും മറ്റു പാർട്ടികളിൽനിന്ന് കൂടുമാറിയെത്തിയവരാണ്.
കോൺഗ്രസിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന സുനിൽ കനുഗോലു തെലങ്കാനയിൽ നടത്തിയ സർവേ പ്രതിഫലിക്കുന്നതാണ് സ്ഥാനാർഥി നിർണയം. ഇതോടെ സ്ഥാനാർഥിത്വത്തിന് അപേക്ഷ നൽകാത്തവർക്കും ടിക്കറ്റ് ലഭിച്ചു. പാർട്ടിക്കകത്തെ എതിർസ്വരങ്ങൾ കണക്കിലെടുക്കാതെയാണ് കൂടുമാറിയെത്തിയവർക്കുള്ള പരിഗണന.
ബി.ആർ.എസിൽ കലാപക്കൊടി ഉയർത്തി കോൺഗ്രസിലേക്ക് വന്ന മൈനാംപള്ളി ഹനുമന്ത റാവുവിനും മകൻ മൈനാംപള്ളി രോഹിതിനും സീറ്റ് കിട്ടി. ബി.ജെ.പിയിൽനിന്ന് വന്ന ഓറഞ്ച് ട്രാവൽസ് ഉടമ മുത്യാല സുനിൽകുമാർ റെഡ്ഢിക്കും വിനയ് കുമാർ റെഡ്ഢിക്കുമുണ്ട് കോൺഗ്രസ് ടിക്കറ്റ്.
തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മൽകാജ്ഗിരി എം.പിയുമായ രേവന്ത് റെഡ്ഢി കോടങ്കലിൽനിന്ന് വീണ്ടും മത്സരിക്കും. 2018ൽ റെഡ്ഢി തോറ്റ മണ്ഡലമാണിത്. പാർട്ടി നിയമസഭ കക്ഷി നേതാവ് മല്ലു ഭാട്ടി സിറ്റിങ് സീറ്റായ മാഥിര സംവരണ മണ്ഡലത്തിൽ മത്സരിക്കും.
ബി.ആർ.എസിനോട് റെഡ്ഢിമാർക്കിടയിലുള്ള അതൃപ്തി വോട്ടാക്കാൻ തീരുമാനിച്ചതോടെ 17 സ്ഥാനാർഥികളും അവരിൽ നിന്നായി. പ്രഖ്യാപിച്ച സീറ്റുകളിലെ സിറ്റിങ് എം.എൽ.എമാരെയും നിലനിർത്തി. 2018ൽ തോറ്റ ചിലരും പട്ടികയിലുണ്ട്. ദേശീയതലത്തിൽ ജാതി സെൻസസും ഒ.ബി.സി കാർഡും ഇറക്കിക്കളിക്കാൻ തീരുമാനിച്ച കോൺഗ്രസ് ആദ്യ പട്ടികയിൽ 12 പിന്നാക്ക വിഭാഗ സ്ഥാനാർഥികൾക്ക് ഇടംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.