'സനാതനത്തെ ഡെങ്കി പോലെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞവർക്ക് ഡെങ്കിയെ ഇതുവരെ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല'; ഡി.എം.കെക്കെതിരെ വിമർശനവുമായി തെലങ്കാന ഗവർണർ
text_fieldsഹൈദരാബാദ്:സനാതന ധർമത്തിനെതിരെ തമിഴ്നാട് കായിക-യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. സനാതനധർമത്തെ ഡെങ്കി പോലെ ഉന്മൂലനം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. എന്നാൽ ഡെങ്കി പോലും ഡി.എം.കെ സർക്കാരിന് ഉന്മൂലനം ചെയ്യാനായിട്ടില്ല എന്നായിരുന്നു ഗവർണറുടെ പരാമർശം.
ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിൽ നടത്തിയ സന്ദർശനത്തിനിടെ തമിഴ്നാട്ടിൽ ആത്മീയ ആചാരങ്ങളെ നിരാകരിക്കുന്ന പ്രവണതയുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവർണർ പറഞ്ഞു. സനാതന ധർമത്തെ കുറിച്ച് ഡി.എം.കെ നേതാക്കൾ നടത്തിയ പരാമർശം പോലെ മറ്റ് മതങ്ങളെ കുറിച്ച് സംസാരിക്കാൻ പാർട്ടിക്ക് സാധിക്കുമോയെന്നും സൗന്ദരരാജൻ ചോദിച്ചു.
"സനാതന ധർമം ഒരു ജീവിതരീതിയാണ്. ഡെങ്കിപ്പനി പോലെ തുടച്ചുനീക്കുമെന്ന് ഡി.എം.കെ അവകാശപ്പെട്ടിരുന്നു. എന്നിട്ട് ഡെങ്കിയെ പോലും സർക്കാരിന് തുടച്ചുനീക്കാനായിട്ടില്ല. അതിന്‍റെ ഉദാഹരമാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് നിരവധി പേർക്ക് ഡെങ്കി ബാധിച്ചത്" ഗവർണർ പറഞ്ഞു. തമിഴ്നാട് സർക്കാരിനെ ജനങ്ങൾ വിമർശിക്കുമ്പോൾ എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന ആശയം ബാധകാമാത്തതെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു വലിയ ജനക്കൂട്ടം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന സനാതന ധർമം എന്ന ആശയത്തെ തമിഴ്നാട് സർക്കാർ നിരന്തരം ആക്രമിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മറവിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തരുതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.