ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയുടെ മരണം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന ഹൈകോടതി
text_fieldsഹൈദരാബാദ്: തെലങ്കാന സെയ്ദാബാദിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം. പല്ലാക്കൊണ്ട രാജുവിന്‍റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനാണ് തെലങ്കാന ഹൈകോടതിയുടെ നിർദേശം.
വാറങ്കൽ ജില്ലയിലെ ഖാൻപൂരിലെ റെയിൽവേ ട്രാക്കിൽ തിരിച്ചറിയാൻ കഴിയാത്ത തരത്തിലായിരുന്നു മൃതദേഹം. പ്രതി റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു വ്യാഴാഴ്ച പൊലീസ് നൽകിയ വിശദീകരണം.
വെളിയാഴ്ച കോടതിയുടെ പരിഗണനയിലെത്തിയ വിഷയത്തിൽ വ്യാഴാഴ്ച രാത്രി തന്നെ മൃതദേഹം സംസ്കരിച്ചതിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശ്ചര്യം രേഖപ്പെടുത്തി.
രാജുവിന്‍റെ മരണം ആസൂത്രിതമെന്ന് കാട്ടി സിവിൽ ലിബർട്ടീസ് കമ്മിറ്റി പ്രസിഡന്‍റ് പ്രഫ. ലക്ഷ്മൺ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സെപ്റ്റംബർ ഒന്നിനായിരുന്നു നാടിനെ നടുക്കിയ ആറു വയസുകാരിയുടെ കൊലപാതകം. 27കാരനായ പ്രതി അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ രാജുവിന്‍റെ വീട്ടിൽനിന്ന് കെണ്ടത്തുകയായിരുന്നു. പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു.
കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന് തെലങ്കാന തൊഴിൽ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ മൽക്കാജ്ഗിരി എം.പിയും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമായ രേവന്ത് റെഡ്ഡിയും എൻകൗണ്ടറുകൾ നടക്കുമെന്ന രീതിയിൽ പരാമർശം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജുവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇതോടെ രാജുവിന്‍റെ മരണം ആത്മഹത്യയാണോ അതോ എൻകൗണ്ടറിലൂടെ വധിച്ചതാണോ എന്ന തരത്തിൽ പ്രചാരണങ്ങളും ആരംഭിക്കുകയായിരുന്നു.
സെപ്റ്റംബർ പത്തിന് രാജുവിന്‍റെ മാതാവിനെയും ഭാര്യയെയും സ്റ്റേഷനിൽ തടഞ്ഞുവെച്ചിരുന്നു. എന്നാൽ ബുധനാഴ്ച രാത്രി രാജുവിനെ മരിച്ചനിലയിൽ കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇരുവരെയും വിട്ടയച്ചിരുന്നു. പൊലീസ് രാജുവിനെ കൊന്നതാണെന്നാണ് മാതാവും ഭാര്യയും ഉന്നയിക്കുന്ന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.