റേഷൻ കടയിലെ മോദിയുടെ ചിത്രം; നിർമല സീതാരമന്‍റെ പ്രസ്താവന പ്രധാനമന്ത്രിയുടെ നിലവാരം താഴ്ത്തുന്നതെന്ന് തെലങ്കാന ആരോഗ്യ മന്ത്രി
text_fieldsഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എല്ലാ റേഷൻ കടകളിലും സ്ഥാപിക്കണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ പ്രസ്താവനക്കെതിരെ തെലങ്കാന ആരോഗ്യമന്ത്രി ടി. ഹരീഷ് റാവു. ഇത്തരത്തിലുള്ള പ്രസ്താവനയിലൂടെ പ്രധാനമന്ത്രിയുടെ നിലവാരം താഴ്ത്തുകയാണ് മന്ത്രി ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു.
"കേന്ദ്രമന്ത്രി എന്തിനാണ് ഇങ്ങനെ സ്വയം തരം താഴുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രധാനമന്ത്രിയടെ ഫോട്ടോ റേഷൻ കടകളിലില്ലാത്തതിൽ തർക്കിക്കുമ്പോൾ അവർ പ്രധാനമന്ത്രിയുടെ നിലവാരം കൂടെയാണ് താഴ്ത്തുന്നത്. ഇത് ഇന്ത്യയിലെ ആദ്യത്തെ സർക്കാരല്ല. ഇതിന് മുമ്പും നിരവധി സർക്കാരുകൾ ഭരിച്ചിട്ടുണ്ടെങ്കിലും ആരും ഈ നിലവാരത്തിലേക്ക് താഴ്ന്നിട്ടില്ല"- ഹരീഷ് റാവു പറഞ്ഞു. സംസ്ഥാനത്തിന് സൗജന്യ അരി നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന തരത്തിലാണ് അവർ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച തെലങ്കാനയിലെ കാമറെഡ്ഡിയിൽ റേഷൻ കടകൾ സന്ദർസിച്ച നിർമല സീതാരാമൻ കടകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ചിട്ടില്ലെന്ന പേരിൽ കലക്ടറെ പരസ്യമായി ശാസിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് മന്ത്രിക്കെതിരെ ഉയർന്നത്.
റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയോ ഫ്ലക്സോ സ്ഥാപിച്ചാൽ അത് നശിപ്പിക്കുന്നത് പതിവാണെന്നും മന്ത്രി ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഫോട്ടോ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട് ജില്ലാ ഭരണാധികാരി എന്ന നിലയിൽ കലക്ടറുടെ കടമയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.