തെലങ്കാന: ശക്തി ക്ഷയിക്കാതെ മജ്ലിസ് പാർട്ടി
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ (മജ്ലിസ് പാർട്ടി) പരമ്പരാഗത വോട്ടുശക്തിക്ക് കോട്ടംതട്ടിയില്ല. എന്നാൽ, നിയമസഭയിലെ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനടക്കം കോൺഗ്രസിന്റെ മൂന്നു പ്രധാന മുസ്ലിം സ്ഥാനാർഥികളും ഭാരത് രാഷ്ട്ര സമിതിയുടെ (ബി.ആർ.എസ്) ഏക മുസ്ലിം എം.എൽ.എയും തോറ്റു.
തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റായ അസ്ഹറുദ്ദീൻ ഹൈദരാബാദിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ബി.ആർ.എസിന്റെ സിറ്റിങ് എം.എൽ.എയായ എം. ഗോപിനാഥിനോട് 16,337 വോട്ടിനാണ് തോറ്റത്. ഗോപിനാഥ് 80,549 വോട്ടുനേടിയപ്പോൾ അസ്ഹറുദ്ദീന് 64,212 വോട്ടാണ് കിട്ടിയത്. ബി.ജെ.പിയുടെ എൽ. ദീപക് റെഡ്ഡി 25,866 വോട്ടുകൾ നേടിയപ്പോൾ എ.ഐ.എം.ഐ.എമ്മിന്റെ റാഷിദ് ഫറാസുദ്ദീൻ 7848 വോട്ടുകൾ നേടി നാലാമതായി.
2009 മുതൽ മജ്ലിസ് പാർട്ടി തുടർച്ചയായി വിജയിച്ചുവരുന്ന ഏഴു സീറ്റുകൾ ഇത്തവണയും അവർ നിലനിർത്തി. ഹൈദരാബാദിലെ ഒമ്പതു സീറ്റുകളിലാണ് മത്സരിച്ചത്. ബാക്കിയിടങ്ങളിൽ ബി.ആർ.എസിന് വോട്ടുചെയ്യണമെന്നായിരുന്നു അഭ്യർഥന. യകുത്പുര, നമ്പള്ളി മണ്ഡലങ്ങളിൽ മജ്ലിസ് പാർട്ടി നേരിയ വിജയമാണ് നേടിയത്. പാർട്ടിക്ക് ഇത്തവണ 2.22 ശതമാനം വോട്ടുവിഹിതമാണ് നേടാനായത്.
2018ൽ ഇത് 2.71 ശതമാനമായിരുന്നു. കഴിഞ്ഞ തവണ എട്ടു സീറ്റുകളിൽ മത്സരിച്ച അവർ ഇത്തവണ ഒമ്പതെണ്ണത്തിലാണ് മത്സരിച്ചത്. യകുത്പുര സീറ്റിൽ 878 വോട്ടുകൾക്കാണ് ജാഫർ ഹുസൈൻ ജയിച്ചത്. 2018ൽ സയ്യിദ് അഹ്മദ് പാഷ ഖുറൈശി 47,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചുകയറിയത്.
നാമ്പള്ളി മണ്ഡലത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുൻ മേയറായ മുഹമ്മദ് മാജിദ് ഹുസൈൻ കേവലം 2037 വോട്ടിനാണ് കോൺഗ്രസിന്റെ മുഹമ്മദ് ഫിറോസ് ഖാനെ പരാജയപ്പെടുത്തിയത്. അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസി സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലൊന്നായ 81,668 വോട്ടുകൾ നേടിയാണ് ചന്ദ്രയൻഗുട്ട സീറ്റ് നിലനിർത്തിയത്. മുൻ മേയറായ മിർ സുൽഫിഖർ അലി ചാർമിനാർ സീറ്റിൽ 22,000 വോട്ടിന് ബി.ജെ.പിയുടെ എം. റാനി അഗർവാളിനെ തോൽപിച്ചു.
കൗസർ മുഹ്യിദ്ദീൻ 42,000 വോട്ടിന്റെ വൻഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ അമർ സിങ്ങിനെ തോൽപിച്ച് കർവാനിൽനിന്ന് വീണ്ടും വിജയിച്ചു. എന്നാൽ, രാജേന്ദ്രനഗർ മണ്ഡലത്തിൽ മജ്ലിസ് സ്ഥാനാർഥി മന്ദഗിരി സ്വാമി യാദവ് 25,670 വോട്ടുകൾ നേടി നാലാം സ്ഥാനത്താണെത്തിയത്. മജ്ലിസ് പാർട്ടിയുടെ മുബീൻ, സുൽഫിക്കർ, മാജിദ് ഹുസൈൻ എന്നിവർ ആദ്യമായി ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.