മുസ്‌ലിം യുവാവ് ഭക്ഷണത്തിലേക്ക് മൂത്രമൊഴിക്കുന്നെന്ന് ഹിന്ദുത്വ ഗ്രൂപ്പുകൾ; പൊളിച്ചടുക്കി നുണ പ്രചാരണം VIDEO
text_fieldsഹൈദരാബാദ്: ഉത്തർപ്രദേശിൽ കാവഡ് തീർഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന നിർദേശം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കെ, വീണ്ടും വിദ്വേഷ പ്രചാരവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ. മധുരപലഹാരം പാചകം ചെയ്യുന്ന പാത്രത്തിലേക്ക് ഒരാൾ മൂത്രമൊഴിക്കുന്നതായുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഇത് ചെയ്യുന്നത് മുസ്‌ലിം യുവാവാണെന്ന് ലേബൽ ചാർത്തുകയാണ് ഏറ്റവും ഒടുവിൽ വിദ്വേഷ പ്രചാരകർ ചെയ്തിരിക്കുന്നത്.
ഗുലാബ് ജാമുൻ തയാറാക്കുന്ന വലിയ പാത്രത്തിലേക്ക് ഒരാൾ മൂത്രമൊഴിക്കുന്നതായാണ് പിന്നിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ടാൽ തോന്നുക. ഹിന്ദുക്കളുടെ ശത്രുക്കൾ വിവാഹ സൽക്കാരത്തിനുള്ള ഭക്ഷണത്തിലേക്ക് മൂത്രമൊഴിക്കുന്നു, ഇവരെ ജോലിക്കെടുക്കുമ്പോൾ ആധാർ കാർഡ് പരിശോധിക്കണം തുടങ്ങിയ അടിക്കുറിപ്പുകളാണ് ദൃശ്യത്തിനൊപ്പം നൽകിയിരുന്നത്.
The video where a man seemingly urinates into a tub of confectioneries is an edited clip. The longer version of the video shows the man pouring a transparent liquid into the tub from a bottle. The viral video is being falsely shared with a communal spin targeting Muslim community… https://t.co/mTYBFg5WDK pic.twitter.com/TOugq0KmkD
— Mohammed Zubair (@zoo_bear) July 19, 2024
എന്നാൽ, ആൾട്ട് ന്യൂസ് നടത്തിയ വസ്തുതാ പരിശോധന വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവന്നു. 2023 മേയിൽ തെലങ്കാനയിൽനിന്നുള്ളതാണ് ദൃശ്യം. യുവാവ് കുപ്പിയിൽ നിന്ന് പാചകത്തിനാവശ്യമായ ദ്രാവകം ഒഴിക്കുകയാണ് ചെയ്യുന്നത്. ഈ ദൃശ്യങ്ങൾ മുഴുവൻ നൽകാതെയാണ് ഹിന്ദുത്വ ഗ്രൂപ്പുകൾ വിദ്വേഷം പ്രചരിപ്പിച്ചിരുന്നത്. യാഥാർത്ഥ്യം തെളിഞ്ഞതോടെ ദൃശ്യം മറയാക്കി വിദ്വേഷം പ്രചരിപ്പിച്ചതിനെതിരെ എ.ഐ.എം.ഐ.എം. എം.എൽ.എ തെലങ്കാന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈബർ ക്രൈം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
ശിവഭക്തരുടെ വാർഷിക തീർഥാടനമായ കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് പൊലീസാണ് നിർദേശം നൽകിയത്. തീർഥാടകരുടെ പവിത്രത സംരക്ഷിക്കാനാണിതെന്നാണ് വിശദീകരണം. മേഖലയിലെ മുസ്‍ലിംകളുടെ കടകൾ തിരിച്ചറിയുന്നതിനുള്ള നീക്കമാണിതെന്ന വിമർശനം നിലനിൽക്കെയാണ് യോഗി സർക്കാറിന്‍റെ വിചിത്ര നടപടി. നിർദേശത്തിനെതിരെ പ്രതിപക്ഷവും വിവിധ സാമൂഹിക സംഘടനകളും രംഗത്തുവന്നതോടെ നോട്ടീസിൽനിന്ന് ‘നിർബന്ധമായും’ എന്ന പദം ഒഴിവാക്കി. യാത്രാവഴികളിലുള്ള മുസ്‍ലിം തൊഴിലാളികളെ പറഞ്ഞുവിട്ടതായും റിപ്പോർട്ടുകളുണ്ട്. സമാനമായ നിർദേശം ഉത്തരാഖണ്ഡിലെ ഹരിദ്വാർ പൊലീസും പുറപ്പെടുവിച്ചിട്ടുണ്ട്.
മുഖ്താർ അബ്ബാസ് നഖ്‍വി അടക്കമുള്ള ചില ബി.ജെ.പി നേതാക്കൾ ആദ്യം രംഗത്തുവന്നെങ്കിലും പിന്നീട് പ്രസ്താവന പിൻവലിച്ചു. അതേസമയം, ജെ.ഡി.യു ഉൾപ്പെടെയുള്ള എൻ.ഡി.എ സഖ്യകക്ഷികൾ യോഗിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ജാതിയുടെയോ മതത്തിന്‍റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കലും പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാർട്ടി നേതാവുമായ ചിരാഗ് പാസ്വാൻ പ്രതികരിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധ കുറ്റകൃത്യമാണെന്നും കാവഡ് യാത്രയുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പിൻവലിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.