തെലങ്കാന: അവസാന മണിക്കൂറിൽ കൊമ്പുകോർത്ത് ദേശീയ നേതാക്കൾ
text_fieldsനിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ തെലങ്കാനയിൽ കൊമ്പുകോർത്ത് ദേശീയ നേതാക്കൾ. അന്തിമഘട്ട പ്രചാരണം കൊഴുപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും ദേശീയ നേതാക്കളെത്തന്നെ പ്രധാന കേന്ദ്രങ്ങളിൽ ഇറക്കിയിട്ടുണ്ട്. ഭരണ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് ബി.ആർ.എസും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പ്രചാരണത്തിൽ സജീവമാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കർണാടകയിലെ വിവിധ നേതാക്കളുമാണ് കോൺഗ്രസിനായി രംഗത്തിറങ്ങിയിട്ടുള്ളത്.
കർണാടകക്ക് സമാനമായി തെലങ്കാനയിൽ പ്രഖ്യാപിച്ച ആറിന ക്ഷേമവാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്നാണുറപ്പ്. ബി.ജെ.പി തിങ്കളാഴ്ച ഹൈദരാബാദിൽ നരേന്ദ്ര മോദിയുടെയും കരിംനഗറിൽ അമിത്ഷായുടെയും റോഡ് ഷോ സംഘടിപ്പിച്ചു. വാരിക്കോരിയുള്ള വികസന വാഗ്ദാനങ്ങളും വെല്ലുവിളികളുമെല്ലാം നിറഞ്ഞതാണ് മുന്നണികളുടെ പ്രചാരണ പരിപാടികൾ. കോൺഗ്രസ് എം.എൽ.എമാർ ജയിച്ചാൽ ബി.ആർ.എസിന് വിൽപനക്കുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. എൻ.ഡി.എയിൽ എടുക്കാത്തതിന്റെ ദേഷ്യമാണ് തന്നോട് കെ.സി.ആറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേരുമാറ്റി ഭാഗ്യനഗർ എന്നാക്കുമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിയുടെ വാഗ്ദാനം. നരേന്ദ്ര മോദി വെറുപ്പിന്റെ ദേശീയ പ്രചാരകനാണെന്നായിരുന്ന രാഹുൽ ഗാന്ധിയുടെ ആരോപണം.
പോരാട്ടം കോൺഗ്രസും ബി.ആർ.എസുമാണെന്നും തെലങ്കാന പിടിച്ച ശേഷം മോദിയെ പടിയിറക്കുമെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയും ബി.ആർ.എസും പണം നൽകി വോട്ടുപിടിക്കാൻ ശ്രമിക്കുകയാണെന്നും ആത്മാഭിമാനം വിൽക്കില്ലെന്ന് വോട്ടർമാർ മറുപടി നൽകണമെന്നും ഭോംഗിറിൽ നടന്ന റാലിയിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ റെയ്തു ബന്ധുവിലൂടെ കർഷകർക്ക് ധനസഹായം വിതരണംചെയ്യുന്നത് തെരഞ്ഞെടുപ്പ് കമീഷന് തടഞ്ഞത് ബി.ആര്.എസിന് കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ അലാംപൂര് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സമ്പത്ത് കുമാറിന്റെ വീട്ടില്‍ അർധ രാത്രി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കി.
പണം ഒഴുക്കി വോട്ട് പോക്കറ്റിലാക്കാൻ ‘പോൾ മാനേജ്മെന്റ്’
തെലങ്കാനയിൽ വോട്ടുറപ്പിക്കാൻ അവസാന മണിക്കൂറിൽ നോട്ടിറക്കി മുന്നണികൾ. ശക്തമായ മത്സരത്തിന് കളമൊരുങ്ങിയ മണ്ഡലങ്ങളിൽ വോട്ടിന് പണവും മദ്യവുമടക്കം ഒഴുക്കുമെന്നാണ് റിപ്പോർട്ട്. വോട്ടർക്ക് 2000 രൂപവരെ നൽകാനാകുമെന്ന് പ്രധാന രാഷ്ട്രീയകക്ഷിയുടെ പ്രതിനിധികൾ രഹസ്യമായി സമ്മതിക്കുന്നു. മൂന്നുമുതൽ നാലു ശതമാനം വോട്ടുവരെ വിവിധ മണ്ഡലങ്ങളിൽ ‘പോൾ മാനേജ്മെന്റി’ലൂടെ പോക്കറ്റിലാക്കാമെന്നാണ് മുന്നണികൾ കണക്കുകൂട്ടുന്നത്. 26 മണ്ഡലങ്ങളിലാണ് ശക്തമായ പോരാട്ടം നടക്കുന്നതായി കരുതപ്പെടുന്നത്. ഇവിടെ പണവും മദ്യവുമൊഴുക്കാൻ മുന്നണികൾ തയാറെടുക്കുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ മണ്ഡലങ്ങളിൽ ‘പോൾ മാനേജ്മെന്റി’ന് മാത്രം 780-800 കോടി രൂപ ഒഴുക്കുമെന്നാണ് കണക്കുകൂട്ടലെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ പറയുന്നു. ഒരു മണ്ഡലത്തിൽ സ്ഥാനാർഥിക്ക് 15 മുതൽ 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മത്സരം കടുത്ത മണ്ഡലത്തിൽ ഇത് 25-40 കോടിവരെ ഉയരുമെന്നും വിവിധ പാർട്ടികളുടെ നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.