അനുമതിയില്ലാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ 'പദയാത്ര'; തടഞ്ഞ് തെലങ്കാന പൊലീസ്
text_fieldsഹൈദരാബാദ്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബന്ദി ബന്ദി സഞ്ജയ് കുമാറിന്റെ 'പദയാത്ര' തടഞ്ഞ് തെലങ്കാന പൊലീസ്. തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അഞ്ചാം ഘട്ട 'പ്രജാ സംഗ്രാമ യാത്ര' ആരംഭിക്കാൻ ഭൈൻസ നഗരത്തിലേക്ക് പോകുമ്പോഴാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ തെലങ്കാന പൊലീസ് തടഞ്ഞത്. നിർമൽ ജില്ലയിലെ ഭൈൻസ ടൗണിൽ യാത്രക്കും പൊതുയോഗത്തിനും അനുമതി നിഷേധിച്ചതിനെ തുടർന്ന് ബന്ദി സഞ്ജയിനെയും അയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് നേതാക്കളെയും പാർട്ടി പ്രവർത്തകരെയും പൊലീസ് തടഞ്ഞ് തിരിച്ചയച്ചു.
പാർലമെന്റ് അംഗം കൂടിയായ സഞ്ജയിന്റെ വാഹനവ്യൂഹം ജഗ്തിയാൽ മണ്ഡലിലെ തട്ടിപ്പള്ളിക്ക് സമീപം പൊലീസ് തടഞ്ഞു. പദയാത്രക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടത്. പൊലീസ് നടപടിക്കെതിരെ ബി.ജെ.പി നേതാവ് ശക്തമായി രംഗത്തെത്തി. പൊലീസിനെ വെട്ടിച്ച് ഒരു പാർട്ടി പ്രവർത്തകന്റെ വാഹനത്തിലാണ് ഇയാൾ പോയത്. തുടർന്ന് കോരുത്‌ല മണ്ഡലത്തിലെ വെങ്കടപുരിന് സമീപം പൊലീസ് തടയുകയായിരുന്നു. ഇതിൽ പ്രകോപിതരായ സഞ്ജയും അനുയായികളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊലീസ് ഇയാളെ തടഞ്ഞുവെച്ച് ജഗ്തിയാലിലേക്ക് തിരിച്ചയച്ചു. "ഭൈന ഒരു പ്രശ്നബാധിത സ്ഥലമാണെന്ന് അവർ പറയുന്നു. ഭൈന നിരോധിത പ്രദേശമാണോ'' -സഞ്ജയ് ചോദിച്ചു. സാമുദായിക സംഘർഷം അരങ്ങേറിയിട്ടുള്ള പ്രദേശമാണിത്. പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് താൻ കരിംനഗറിലേക്ക് മടങ്ങുകയാണെന്നും തിങ്കളാഴ്ച ഉച്ചവരെ കാത്തിരിക്കുമെന്നും ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു. പദയാത്രയുമായി മുന്നോട്ട് പോകുമെന്ന് പ്രതിജ്ഞയെടുത്തു. പദയാത്ര അനുവദിക്കാത്ത പൊലീസ് ഉത്തരവിനെതിരെ തിങ്കളാഴ്ച തെലങ്കാന ഹൈകോടതിയെ സമീപിക്കാൻ ബി.ജെ.പി ഒരുങ്ങുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.