തെരഞ്ഞെടുപ്പ് ഫലം; നിർണായക സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഫലം കാത്ത് രാജ്യം. ഇന്ന് നാല് സംസ്ഥാനങ്ങളിലെ ഫലമറിയാം. ഇതിനിടെ, കോൺഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി.കെ. ശിവകുമാറും സൂം മീറ്റിംഗിൽ പങ്കെടുത്തു. രേവന്ത് റെഡ്ഢി, മല്ലു ഭട്ടി വിക്രമാർക്ക, ഉത്തം കുമാർ റെഡ്ഢി എന്നിവർ മീറ്റിംഗിൽ പങ്കെടുത്തിരുന്നു. എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിലെത്താനും ഫലം വരാൻ കാക്കണ്ട എന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. തൂക്ക് സഭയെങ്കിൽ ഡി.കെ. ശിവകുമാറിെൻറ നേതൃത്വത്തിൽ എം.എൽ.എമാരെ ഒരുമിച്ച് നിർത്തും. അല്ലെങ്കിൽ ബംഗളുരുവിലേക്ക് മാറ്റും. ഇത്തരം ചർച്ചകൾക്കിടെ ബംഗളുരു ദേവനഹള്ളിയിൽ റിസോർട്ടുകൾ സജ്ജമാക്കിയെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തിസ്ഗഢ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് ഉച്ചയോടെ വ്യക്തമാകും. രാവിലെ എട്ടിന് വോട്ട് എണ്ണിത്തുടങ്ങും. മിസോറമിൽ സംസ്ഥാനത്തെ പൊതുതാൽപര്യം മുൻനിർത്തി വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
പ്രാദേശിക സാഹചര്യങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാനമെങ്കിലും ദേശീയ നേതാക്കൾ മുന്നിട്ടിറങ്ങിയ തെരഞ്ഞെടുപ്പു പ്രചാരണമാണ് നടന്നത്. ബി.ജെ.പി ഒരുവശത്തും പ്രതിപക്ഷ പാർട്ടികൾ ഇൻഡ്യയുടെ ബാനറിൽ മറുവശത്തും നിൽക്കുന്നതിനിടയിൽ പുറത്തുവരുന്ന ഫലം, ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രവണതകൾ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
15 വർഷമായി ഭരിക്കുന്ന മധ്യപ്രദേശിൽ നാലാമൂഴം തേടുകയാണ് ബി.ജെ.പി. ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ ബി.ജെ.പിയെ താഴെയിറക്കിയാൽ പ്രതിപക്ഷനിരക്ക് വിശ്വാസ്യത നൽകി ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നിൽനിന്ന് നയിക്കാൻ കരുത്തു നേടാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. തുടർഭരണത്തിനുവേണ്ടി കോൺഗ്രസും പതിവുപോലെ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ബി.ജെ.പിയും നിൽക്കുന്ന രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തെലങ്കാനയിൽ നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം പിടിക്കാമെന്ന കോൺഗ്രസ് പ്രതീക്ഷകൾക്കിടയിൽ, മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബി.ആർ.എസിന് വെല്ലുവിളികൾ പലതാണ്. ഛത്തിസ്ഗഢിൽ മെച്ചപ്പെട്ട പ്രവർത്തനം വഴി ഭരണത്തുടർച്ച നേടാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
വിവിധ പ്രാദേശിക നേതാക്കളുടെ പ്രതാപം അളക്കുന്ന വോട്ടെടുപ്പുകൂടിയാണ് നടന്നത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ, കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കോൺഗ്രസിനെ നയിച്ച മുൻ മുഖ്യമന്ത്രിമാരായ കമൽനാഥ്, ദിഗ്വിജയ് സിങ് എന്നിവരുടെ ജനപിന്തുണയാണ് അളക്കുന്നത്. തെലങ്കാന രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ച് മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവു, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, പ്രതിയോഗിയും മുൻമുഖ്യമന്ത്രിയുമായ രമൺസിങ് എന്നിവരുടെയും സ്വീകാര്യത വോട്ടെണ്ണലിൽ വ്യക്തമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.